
തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ വ്യവസ്ഥ ലംഘിച്ചിട്ടും ടീ കോമിനെതിരെ ആര്‍ബിട്രെഷന്‍ നടപടിക്ക് ശ്രമിക്കാത്തത് യുഎഇ യുമായുള്ള ബന്ധം നല്ല രീതിയില്‍ തന്നെ മുമ്പോട്ട് കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്ന വിചിത്രവാദവുമായി സര്‍ക്കാര്‍. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടീ കോം മുടക്കിയ തുക വിലയിരുത്തി തിരിച്ചു കൊടുത്ത് ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്നും പറഞ്ഞു.
ഒറ്റയടിക്ക് ഒഴിവാക്കിയാല്‍ വ്യവസായ സൗഹൃദമല്ല സംസ്ഥാനം എന്ന തെറ്റായ സന്ദേശത്തിന് കാരണമാകുമെന്നത് കൂടി പരിഗണിച്ചാണ് തീരുമാനമെന്നും പറയുന്നു. ഏറ്റെടുക്കുന്ന ഭൂമി ഇന്‍ഫോപാര്‍ക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികള്‍ക്കും നല്‍കാനാണ് നീക്കം. കരാറിലെ പഴുതുകളും ടീ കോമിന് തുണയാകുന്ന രീതിയിലാണ്. വി.എസ്. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികദിനത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീകോമുമായി വീണ്ടും കരാറൊപ്പിട്ടപ്പോള്‍ അതില്‍ ടീകോമില്‍നിന്ന് നഷ്ടപരിഹാരം ഇടാക്കാന്‍ വ്യവസ്ഥയില്ലായിരുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വീഴ്ചയുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിനെതിരേ നടപടിക്കു മാത്രമാണ് വ്യവസ്ഥയെന്ന് 2014-ലെ സി.എ.ജി. റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. കരാറിലെ പഴുതുകള്‍ പദ്ധതി അനന്തമായി വൈകിപ്പിക്കാന്‍ കമ്പനിക്കു സഹായകമായെന്നും സി.എ.ജി. റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതേ പഴുതുകളാണ് ഇപ്പോള്‍ നഷ്ടപരിഹാരചര്ച്ചയിലേക്കു കാര്യങ്ങളെത്തിച്ചതെന്ന മറുവാദവും ശക്തമാണ്.
സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനമാരംഭിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും കരാര്‍പ്രകാരം 90,000 പേര്‍ക്ക് ജോലിനല്‍കാന്‍ കഴിഞ്ഞില്ല. പദ്ധതിയില്‍നിന്നു പിന്മാറാന് ടീകോം കത്ത് നല്‍കുകയും ചെയ്തു. ഇൗ സാഹചര്യത്തില്‍, ടീകോമിന് നഷ്ടപരിഹാരം നല്കുന്നതിനു പകരം അവരില്‍നിന്ന് നഷ്ടപരിഹാരം ഇൗടാക്കണമെന്ന വാദമാണു പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.
ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കം അഴിമതിയാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാഗ്ദാനലംഘനം നടത്തിയ ടീകോമിന്റെ എം.ഡി. ബാജു ജോര്‍ജിനെയും നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തി. ഏറ്റെടുക്കുന്ന 246 ഏക്കര്‍ ആര്‍ക്കു കൈമാറുമെന്നത് അനേ്വഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.






