
ബോളിവുഡിലെ പുതിയ ചിത്രം പദ്മാവതിയുടെ സെറ്റിലെത്തി സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയെ മര്‍ദ്ദിക്കുകയും സെറ്റില്‍ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത സംഭവത്തെ ന്യായീകരിച്ച് രജപുത്ര കര്‍നി സേന. തങ്ങളുടെ പൂര്‍വ്വികരുടെ പാമ്പര്യത്തെ മലിനപ്പെടുത്താന്‍ അനുവദിക്കില്ലെന്നും രജപുത്ര പാരമ്പര്യത്തെ അപമാനിക്കുന്ന കാര്യങ്ങള്‍ തടയുമെന്നും കര്‍ണി തലവന്‍ വ്യക്തമാക്കി.
സിനിമയിലെ റാണി പദ്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗത്തിനെതിരേ രജപുത്ര കര്‍ണ സേന രംഗത്ത് വരികയും സിനിമയുടെ സെറ്റിലെത്തി വിഖ്യാത സംവിധായകന് ബന്‍സാലിയെ മര്‍ദ്ദിക്കുകയും ചെയ്തത് വെള്ളിയാഴ്ച പട്ടാപ്പകലായിരുന്നു.
ചിറ്റോര്‍ഗര്‍ കോട്ട ആക്രമിച്ച അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് അപ്പുറത്ത് സ്വന്തം ജീവിതം കൊണ്ട് സ്വാഭിമാനം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ചരിത്രത്തില്‍ ഇടം പിടിച്ച വനിതയാണ് പദ്മിനിയെന്ന് സംഘടനയുടെ തലവന്‍ ലോകേന്ദ്ര സിംഗ് കല്‍വി പറയുന്നു. ചരിത്രവും പാരമ്പര്യവുമെല്ലാം ബഹുമാനിക്കപ്പെടേണ്ടതല്ലെങ്കില് പിന്നെ അതില്‍ ഒന്നുമില്ലെന്നും ജര്‍മ്മനിയില്‍ പോയി ബന്‍സാലി ഹിറ്റ്ലര്‍ക്കെതിരേ സാങ്കല്‍പ്പിക സിനിമ ഏടുക്കുമോയെന്നും ചോദിക്കുന്നു. മുമ്പ് ജോധാ അക്ബര്‍ എടുത്തപ്പോഴും തങ്ങളുടെ രക്തരൂക്ഷിത ചരിത്രത്തെ അപമാനിക്കുന്നതിനെതിരേ താന്‍ ശബ്ദമുയര്‍ത്തിയതായും പറയുന്നു.
ഇതിനെല്ലാം പുറമേ സഞ്ജയ് ലീലാ ബന്‍സാലി അനുമതി വാങ്ങാതെയാണ് ഷൂട്ടിംഗ് നടത്തിയതെന്നും തങ്ങളുടെ ഭൂമിയില്‍ അശ്ളീലം അനുവദിക്കില്ലെന്നും പറഞ്ഞു. അതേസമയം ബന്‍സാലി ആക്രമിക്കപ്പെട്ട സംഭവത്തെ ആഭ്യന്തരമന്ത്രി ഗുലാബ് സിംഗ് കതാരിയ അപലപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിയമം ലംഘിക്കാന്‍ ആരേയൂം അനുവദിക്കില്ലെന്നും പറഞ്ഞു.
അതേസമയം ബന്‍സാലിക്ക് പിന്തുണയുമായി ബോളിവുഡിലെ അനേകരാണ് ട്വിറ്ററില്‍ എത്തിയിട്ടുള്ളത്. ഹൃത്വിക് റോഷന്, ആലിയാഭട്ട്, കരണ്‍ജോഹര്‍, സോനം കപൂര്‍ എന്നിവരെല്ലാം തങ്ങള്‍ ഒപ്പമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ്.






