
തിരുവനന്തപുരം: സംസ്ഥാനത്തെ ദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം എല്‍ ഡി എഫ് ഭരണത്തെ ജനം വെറുത്തതിന്റെ തെളിവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരന് എം പി. മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫ് ദുര്‍ഭരണത്തിനുമെതിരായ ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന് കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയേയും എല്‍ ഡി എഫിനേയും ജനം വെറുത്തു. സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് 9 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്ത് പതിനേഴ് വാര്‍ഡുകളില്‍ തിളക്കമാര്‍ന്ന വിജയം നേടി യുഡിഎഫ് ജനപിന്തുണ വര്‍ധിപ്പിച്ചെന്നും സുധാകരൻ ചൂണ്ടികാട്ടി. തൃശ്ശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് എൽഡിഎഫിൽ നിന്നും ഭരണം പിടിച്ചത്.
തൃശ്ശൂർ ജില്ലിയിലെ നാട്ടിക ഗ്രാമപഞ്ചായത്തിലും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യുഡിഎഫ് അട്ടിമറി വിജയം നേടി. വനിതാ സ്ഥാനാർത്ഥിയായിരുന്ന പി വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് നാട്ടിക ഒൻപതാം വാർഡ് പിടിച്ചെടുത്തതോടെയാണ് നാട്ടിക പഞ്ചായത്തിലെ ഭരണം യുഡിഎഫിന് ലഭിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവന്ന വാർഡാണിത്.
പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാർഡിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അലി തേക്കത്ത് 28 വോട്ടുകൾക്കാണ് വിജയിച്ചത്. ചാണ്ടി തുണ്ടുമണ്ണിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫ്- 8 എൽഡിഎഫ്-7 എന്നിങ്ങനെയായിരുന്നു നേരത്തെ ഇവിടുത്തെ കക്ഷിനില. എൽഡിഎഫ് അംഗമായിരുന്ന ജോർജ് തച്ചമ്പാറ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പഞ്ചായത്ത് ഭരണവും യുഡിഎഫ് പിടിച്ചെടുത്തു. ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്ന പന്നൂർ വാർഡിൽ യുഡിഎഫിലെ എ എൻ ദിലീപാണ് വിജയിച്ചത്. 177 വോട്ടുകൾക്കായിരുന്നു ദിലീപിൻ്റെ വിജയം. ഇതോടെയാണ് ഇവിടെ ഭരണ മാറ്റത്തിന് സാധ്യത തെളിഞ്ഞത്.
എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്. വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേല്‍ ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ച് ഷോക്കടിപ്പിച്ച എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ ജനവിധി കൂടിയാണിത്. ഈ ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും യു ഡി എഫിനും ശക്തമായി മുന്നോട്ട് പോകാനുള്ള കരുത്ത് നല്‍കുന്നതാണെന്നും കെ പി സി സി അധ്യക്ഷൻ വിവരിച്ചു.






