
കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജിഷിന് മോഹന്‍. വില്ലന്‍ കഥാപാത്രങ്ങളും നായക കഥാപാത്രങ്ങളും ഉള്‍പ്പടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ജിഷിന് നല്‍കിയിട്ടുണ്ട്. സീരിയല്‍ സിനിമ താരം വരദയെയാണ് ജിഷിന് വിവാഹം ചെയ്തത്. ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായവരാണ് ജിഷിനും വരദയും. പിന്നീട് ഇവര്‍ക്ക് ഒരു മകന് ജനിച്ചതും സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതിമാര്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ വന്നതോടെ പിരിഞ്ഞു. ഇവരുടെ വിവാഹമോചനത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. എന്നാല്‍ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഇരുവരും അന്ന് തയ്യാറായില്ല.
ഇപ്പോഴിതാ വേര്‍പിരിയലിനെക്കുറിച്ച് ആദ്യമായി മനസ്സു തുറക്കുകയാണ് ജിഷിന്. വേർപിരിയല്‍ തന്നെ മാനസികമായി ബാധിച്ചിരുന്നെന്നും മുൻ ഭാര്യ തന്നെക്കുറിച്ച് മോശമായി സംസാരിച്ചത് താനറിഞ്ഞിട്ടുണ്ടെന്നും മരിച്ച് പോയ തന്റെ ചേട്ടനെക്കുറിച്ച് പോലും മോശമായി പറഞ്ഞെന്നും ജിഷിൻ ആരോപിക്കുന്നു. ഒരിക്കല്‍ പോലും എന്തുകൊണ്ട് വരദയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് ജിഷിൻ വ്യക്തമാക്കിയിട്ടില്ല. ഒരുകാലത്തും താൻ അത് പറയില്ലെന്ന് പറയുകയാണ് ജിഷിൻ.
‘‘ഡിവോഴ്സിനെ കുറിച്ച് പൊതുഇടത്തില്‍ ഞാൻ ഇതുവരെ സംസാരിച്ചിട്ടില്ല. ഞാൻ ഒരു അഭിമുഖത്തിലും എന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അത് വ്യക്തിപരമായി കാര്യമാണെന്ന് കരുതുന്നു. എന്നാല്‍ എന്നെ കുറിച്ച് വളരെ മോശമായി പറഞ്ഞ് നടക്കുന്നതായി ഞാൻ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഓരോരുത്തരുടെയും സ്വഭാവമാണ്. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലായിരുന്നു. ഡിവോഴ്സ് ആവശ്യപ്പെട്ടത് അവളാണ്. പത്ത് ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ഡിവോഴ്സായി. ഇത്രയ്ക്ക് എളുപ്പമായിരുന്നോ ഡിവോഴ്സ് എന്ന് തോന്നി. ചിരിച്ച് കൊണ്ട് പറയുന്നെങ്കിലും ആ ഘട്ടം കടന്ന് കിട്ടുക വലിയ പാടാണ്.
പെണ്‍കുട്ടികളെ സംബന്ധിച്ച് ഒരാളെ മറക്കാൻ സെക്കന്റുകള്‍ മതി. ആണുങ്ങള്‍ക്ക് അങ്ങനെയല്ല. ആണുങ്ങളെ സംബന്ധിച്ചെടുത്തോളം അതല്ല സ്ഥിതിഅവർ അതില്‍ നിന്ന് പുറത്ത് കടക്കാൻ വളരെ അധികം സമയം എടുക്കും. സ്ത്രീകള്‍ക്ക് സഹനശക്തി കൂടുതലാണ്. മനസ് തകർന്ന ഘട്ടത്തില്‍ സുഹൃത്ത് അമേയ എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. ആണുങ്ങള് കരയരുതെന്ന് ചിന്തിച്ച ആളാണ് ഞാൻ. എന്നാല്‍ അങ്ങനെയല്ലെന്ന് എന്നെ പഠിപ്പിച്ചത് അമേയയാണ്. കരയുക എന്നത് ഒരു ഹീലിങ് പ്രോസസ് മാത്രമാണ്. ആണുങ്ങള് പ്രാക്ടിക്കലായി ചിന്തിക്കും, അവരുടെ ബ്രെയിനാണ് പ്രവർത്തിക്കുക. മറിച്ച് സ്ത്രീകള്‍ വൈകാരികമായിരിക്കും, അവർ ഹൃദയം ഉപയോഗിച്ചാണ് ചിന്തിക്കുകയെന്ന് അവള് പറഞ്ഞിട്ടുണ്ട്. കരയുന്നില്ല എന്ന് വെച്ച് ആണുങ്ങളാവുന്നില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ചൊരാളാണ് ഞാൻ. ഫ്രസ്ട്രേഷൻ ഒക്കെ ഉണ്ടായപ്പോള്‍ ഫാനില്‍ കയറിട്ട് മരിക്കാൻ ആലോചിച്ചിട്ടുണ്ട്...’’ ജിഷിന് പറയുന്നു.
താൻ കഴുത്തില്‍ ധരിച്ചിരിക്കുന്ന ‘എ’ എന്ന ലോക്കറ്റോട് കൂടിയ മാല തനിക്ക് അമേയ സമ്മാനിച്ചതാണെന്നും ജിഷിൻ പറഞ്ഞു. ‘‘ഒരു തവണ എന്നോട് ചോദിച്ചു ഞാൻ ഒരുസാധനം തന്നാല്‍ വാങ്ങിക്കുമോയെന്ന്. ഒന്ന് എ എന്നും മറ്റൊന്നും ഓം എന്നും എഴുതിയ ലോക്കറ്റുള്ള മാലകളാണ്. മറ്റൊന്നും ഞാൻ ആലോചിച്ചില്ല. എ എന്നുള്ളതാണ് ഇഷ്ടമായത്. മാല എന്തായാലും ഇടണമെന്നും അവള് പറഞ്ഞു. അങ്ങനെ ഇട്ടതാണ്. അവള് എനിക്ക് കെട്ടിയ താലിയാണ് ഇതെന്ന് വേണമെങ്കില്‍ പറയാം.
ഡിവോഴ്സ് കഴിഞ്ഞതിന് ശേഷം ഞാൻ എന്റെ മകനെ ഒരുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ കണ്ടിട്ടില്ല. എന്റെ തെറ്റായിരിക്കാം. മറക്കാൻ പ്രയാസമാണ്. ഞാനും അവനും വളരെ സിങ്കായിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്നാല്‍ പിന്നെ ഫോണൊന്നും എടുക്കില്ല. ഷൂട്ട് കഴിഞ്ഞ് വന്നാല്‍ മകനൊപ്പം തന്നെയായിരുന്നു. അവന്റെ കൂടെത്തെന്നെയായിരിക്കും. ഞാനവന്റെ കൂടെ ഓടിച്ചാടി കളിക്കും.
മകനെ ഞാന്‍ കാണാതിരുന്നതിന് കാരണമുണ്ട്. ഇടയ്ക്കിടെ പോയി കണ്ട് അവനെ ഓർമ്മിപ്പിക്കേണ്ട എന്ന് കരുതി. ഡിവോഴ്സ് അവനെ ബാധിക്കും. പക്ഷെ ഇടക്കൊക്കെ കാണുമ്പോള്‍ അവനെ വീണ്ടും പഴയതൊക്കെ ഓർമ്മിപ്പിക്കേണ്ടെന്ന് കരുതും. അതുകൊണ്ടാണ് കാണാൻ പോകാതിരിക്കുന്നത്. എവിടെയെങ്കിലും പോകുമ്പോള്‍ ഞാനവന് ഡ്രസുകള്‍ വാങ്ങിക്കും. അത് കൊടുക്കാൻ പോലും പറ്റിയില്ല. അവൻ എന്നെ മറക്കാൻ സാധ്യതയില്ല. കുറച്ച് നാള് കാണാതിരിക്കുമ്പോള്‍ അവൻ അവന്റെ ചിന്തകളുമായി പോകും. എന്റെ കൂടെ തനിച്ച് വിടാനുള്ള പ്രായം അവനായിട്ടില്ല. ഒറ്റയ്ക്കൊക്കെ വരാൻ പറ്റുന്ന പ്രായമാകുമ്പോള്‍ കാണുമായിരിക്കും. എനിക്ക് കുഞ്ഞിനെ കാണാൻ നിയമതടസങ്ങള്‍ ഒന്നും ഇല്ല. എല്ലാവർക്കും കുടുംബം വർക്കാവണമെന്നില്ല. എന്ന് വെച്ച് ഡിപ്രഷൻ അടിച്ച് ഇരിക്കുകയല്ല വേണ്ട. നമ്മള് നമ്മുടെ സന്തോഷങ്ങളുമായി മുന്നോട്ട് പോകണം...’’ ജിഷിൻ പറഞ്ഞു.
അതേസമയം മകനെ കാണുന്നതില്‍ മുൻ ഭാര്യയുടെ എതിർപ്പില്ലെന്നും തന്റെ തീരുമാനമാണെന്നും ജിഷിൻ പറയുന്നു. അച്ഛനും അമ്മയും കുട്ടിയുമാണ് കുടുംബം. എല്ലാവർക്കും അത് നേടാൻ പറ്റിയെന്ന് വരില്ല. അപ്പോള്‍ മറ്റ് സന്തോഷങ്ങളിലേക്ക് കടക്കണം. ഡിപ്രഷനായിട്ട് കാര്യമില്ല. ജീവിതം തീർന്നു എന്ന് കരുതുന്നതിന് പകരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും ജിഷിൻ വ്യക്തമാക്കി.






