
വൈക്കം: വൈക്കം സത്യാഗ്രഹത്തില്‍ കണ്ട അതിര്‍വരമ്പുകള്‍ക്കപ്പുറത്തെ സഹവര്തിത്വവും സഹകരണവും കേരളവും തമിഴ്നാടും തുടരണമെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ ഉദാഹരണമായാണ് തമിഴ്നാടും കേരളവും മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തമിഴ്നാടുമായുള്ള സഹകരണ മനോഭാവം മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രശ്നങ്ങളില്‍ പരസ്പരം കൈത്താങ്ങാകാനുള്ള അവസരങ്ങള്‍ ഇനിയുമുണ്ടാകണമെന്നും പറഞ്ഞു.
വൈക്കം ബീച്ചില്‍ നടന്ന തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാക്കുകളില്‍ മാത്രമല്ല ഈ സഹകരണം പ്രവര്‍ത്തികളിലും കാണാനാകുമെന്നും ഭാവിയിലും അത്തരം നിലപാടുകളുമായാണ് ഇരു സംസ്ഥാനങ്ങളും മുമ്പോട്ട് പോകുന്നതെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളില്‍ യാഥാസ്ഥിതിക ചിന്തയുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷ ആശയത്തോടടുത്തയാളാണ് പെരിയാര്‍. സ്റ്റാലിന്റെ സാന്നിധ്യം പെരിയാര്‍ സ്മാരക ഉദ്ഘാടനത്തെ മഹത്വമുള്ളതാക്കിയെന്നും പറഞ്ഞു.
തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്നാണ് നിര്‍വഹിച്ചത്. പെരിയാര്‍ ഗ്രന്ഥശാലയുടേയും ഉദ്ഘാടനവും നടന്നു. കേരള മന്ത്രിമാരായ വി എന്‍ വാസവനും സജി ചെറിയാനും തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകന്, ഇ വി വേലു, എം പി സ്വാമിനാഥന് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതല്‍മുടക്കിയാണ് തമിഴ്നാട് സര്‍ക്കാര്‍ സ്മാരകം നവീകരിച്ചത്.






