
ഹൈദാരാബാദ്: കൗമാരക്കാരിയായ മകളെ പീഡിപ്പിച്ചെന്ന് ആരോപണം നേരിടുന്ന ബന്ധുവിനെ വിദേശത്ത് നിന്നുമെത്തിയ പിതാവ് കൊലപ്പെടുത്തി പ്രതികാരം തീര്‍ത്തെന്ന് അവകാശവാദം. ഒരു തുമ്പ് പോലും പോലീസിന് കിട്ടാതെ പോയ കേസില്‍ കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലുമായി പ്രതി യൂട്യൂബില്‍ എത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതിയെന്ന് സംശയിക്കുന്നയാളെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് ആന്ധ്രാപോലീസ്. 12 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരെ നടന്ന ലൈംഗികാതിക്രമം കുട്ടിയുടെ മുത്തശ്ശി പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും വേണ്ട സഹായം കിട്ടാതെ പോയെന്നും വീട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പരാതിയില്‍ പോലീസ് അക്രമിയെ വിളിച്ച് താക്കീത് ചെയ്തു വിട്ടയച്ചെന്നും പരാതിക്കാരെ ശകാരിച്ച് മടക്കിയയക്കുകയും ചെയ്തതായി പുറത്തുവന്ന ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതോടെയാണ് പ്രതികാരം ചെയ്യാന്‍ പിതാവ് കൂട്ടാക്കിയത്.
വിദേശത്തുള്ള ഇയാള്‍ നാട്ടിലേക്ക് എത്തി ബന്ധുവിനെ ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം രാത്രി തന്നെ വിദേശത്തേക്ക് മടങ്ങുകയും ചെയ്തതായിട്ടാണ് യൂടയൂബ് ചാനലില്‍ നടത്തിയ വെളിപ്പെടുത്തലില്‍ പറയുന്നത്.
കുവൈറ്റിലുളള മാതാപിതാക്കള്‍ക്കൊപ്പമായിരുന്ന കുട്ടിയെ ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പം കഴിയാന്‍ വിടുകയായിരുന്നു. മകളുടെ ചെലവുകള്‍ക്കായുള്ള പണം ഇവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കുടുംബത്തിന്റെ സാമ്പത്തീക പ്രതിസന്ധി പരിഹരിക്കാന്‍ ഭാര്യമാതാവിനെ കൂടി വിദേശത്തേക്ക് കൊണ്ടുപോകുകയും കുട്ടിയുടെ സംരക്ഷണ ചുമതല ഭാര്യാസഹോദരിയെ ഏല്‍പ്പിക്കുകയും ചെയ്തു. ആദ്യമൊക്കെ കുട്ടിയെ നോക്കിയിരുന്ന ഇവര്‍ പിന്നീട് വിസമ്മതം അറിയിച്ചതോടെ ഭാര്യാമാതാവ് വീണ്ടും തിരികെ നാട്ടില്‍ എത്തുകയുമായിരുന്നു.
ഭാര്യമാതാവ് വീണ്ടും എത്തിയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് വിഷയത്തെ ഗൗരവമായി സമീപിക്കാതെ വന്നതോടെയാണ് പിതാവ് തന്നെ നാട്ടില്‍ തിരിച്ചെത്തി മകളോട് അതിക്രമം കാട്ടിയവരോടെ പകരം ചോദിക്കാന്‍ തീരുമാനം എടുത്തത്. 15 വര്‍ഷമായി കുട്ടിയുടെ മാതാപിതാക്കള്‍ കുവൈറ്റിലാണ്.






