
തമിഴ്നാട് ദിണ്ഡിഗലിലെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 30 പേര് ചികിത്സയില്‍. 3 പേരുടെ നില ഗുരുതരമായി തുടരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് നിഗമനം. മരണപ്പെട്ട 7 പേരുടെ കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.
ഇന്നലെ രാത്രി ഒന്പതേമുക്കാലോടെയുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേരാണ് മരിച്ചത്. നാല് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. നിമിഷനേരം കൊണ്ട് രണ്ടാം നിലയിലേക്ക് തീ പടര്‍ന്നു. നൂറ്റിയിരുപതോളം പേരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന 6 പേരും ലിഫ്റ്റില്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരനുമാണ് മരിച്ചത്. ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി രാത്രി പന്ത്രണ്ട് മണിയോടെ തീ പൂര്‍ണമായും അണച്ചു. പൊള്ളലേറ്റവരേയും ശ്വാസതടസ്സമുണ്ടായവരേയുമാണ് ദിന്‍ഡിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ വിദഗ്ധസംഘം പരിശോധന നടത്തി. ഫയര്‍ അലാര്‍മിങ് സിസ്റ്റം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.






