
കൊച്ചി: നിയമസഭാസമ്മേളനം അടുത്തമാസം 17-നു വിളിച്ചുചേര്‍ക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. 15-ാം നിയമസഭയുടെ 13-ാം സമ്മേളനം രണ്ടാഴ്ചത്തേക്കാണ് ഉദ്ദേശിക്കുന്നത്. സമ്പൂര്‍ണബജറ്റ് അവതരിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ബജറ്റ് അവതരിപ്പിച്ചില്ലെങ്കില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയും. ബജറ്റ് അവതരണത്തിനായി മാര്‍ച്ചില്‍ വീണ്ടും ചേരും.
സി.പി.എം. ജില്ലാസമ്മേളനങ്ങളിലേക്കു കടക്കുകയാണ്. മാര്‍ച്ചിലാണു സംസ്ഥാനസമ്മേളനം. അതിന്റെകൂടി അടിസ്ഥാനത്തിലാണു ജനുവരിയില്‍ ബജറ്റ് അവതരണം ആലോചിക്കുന്നത്. ജനുവരി 7-13 വരെ സെക്രട്ടേറിയറ്റില്‍ പുസ്കകോത്സവവും നടക്കും. ചില ഓഡിനന്‍സുകളും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. സാമാജികര്‍ക്കു നിയമസഭാസമ്മേളനത്തിന്റെ അറിയിപ്പ് നല്‍കുന്നതുവരെ മന്ത്രിസഭയ്ക്ക് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാം. ചില മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതു സംബന്ധിച്ച ബില്ലും ഇത്തവണ പരിഗണനയിലുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍പ്രായം 57 ആയി ഉയര്‍ത്താനുള്ള തീരുമാനവും സമ്മേളനത്തിലുണ്ടായേക്കും. കേന്ദ്രജീവനക്കാര്‍ക്കും സംസ്ഥാനത്ത് പങ്കാളിത്ത പെന്ഷന് പദ്ധതിയിലുള്ളവര്‍ക്കും വിരമിക്കല്‍പ്രായം അറുപതാണ്. അതുകൊണ്ടുതന്നെ വിരമിക്കല്‍പ്രായം ഉയര്‍ത്തുന്നതില്‍ വലിയ എതിര്‍പ്പിനു സാധ്യതയില്ലെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ശമ്പളത്തിനും പെന്‍ഷനുമായി പ്രതിവര്‍ഷം 57,000 കോടി രൂപയുടെ ബാധ്യതയാണു പൊതുഖജനാവിനുള്ളത്. ഓരോവര്‍ഷവും വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്കാന് 4000 കോടിയോളം വേണം.
വിരമിക്കല്‍പ്രായം ഒരുവര്‍ഷം കൂട്ടിയാല്‍ ഇൗ ബാധ്യതയില്‍നിന്നു തത്കാലം ഒഴിവാകാം. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കുന്ന ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുന്നതും ആലോചനയിലുണ്ട്.






