
കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ അടിയന്തിര നടപടികള്‍ ഉടന്‍ കൈക്കൊള്ളാമെന്ന് കളക്ടറുടെ ഉറപ്പ്. മൃതദേഹം എടുക്കാന്‍ വിസമ്മതിച്ചുകൊണ്ട് കടുത്ത പ്രതിഷേധവുമായി നിന്ന നാട്ടുകാര്‍ കളക്ടറില്‍ നിന്നും ഉറപ്പ് കിട്ടിയ ശേഷമാണ് പിന്മാറിയത്. നാട്ടുകാരുടെ പ്രതിഷേധവും കളക്ടറുടെ ഇടപെടലുമൊക്കെയായി കാര്യങ്ങള്‍ അര്‍ധരാത്രി രണ്ട് മണിയോളം നീണ്ടു നിന്നു.
നാട്ടുകാരുടെ വികാരങ്ങള്‍ മനസിലാക്കുന്നുവെന്നും അടിയന്തിര ധനസഹായം തയ്യാറായെന്നും അത് ഉടന്‍ കൈമാറുമെന്നും കളക്ടര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അറിയിച്ചു. സുരക്ഷ ഒരുക്കുന്ന കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കളക്ടര്‍ കൈകൂപ്പി അപേക്ഷിക്കുകയും അറിയിക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റാന്‍ അനുവദിച്ചത്.
കോതമംഗലം കുട്ടമ്പുഴ ഉരുളന്തണ്ണി കോടിയാട്ട് എല്‍ദോസ് ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. എല്‍ദോസിനെ മരിച്ച നിലയില്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു. കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധ മാര്‍ച്ചും നടത്തും.
നാട്ടുകാര്‍ മൃതദേഹം എടുക്കാന്‍ വിസമ്മതിച്ചുകൊണ്ട്, കടുത്ത പ്രതിഷേധവുമായി നിലകൊള്ളുകയായിരുന്നു. കൂടാതെ ട്രെഞ്ചിങ്, സോളാര്‍ ഫെന്‍സിങ് എന്നിവ ഉടന്‍ തുടങ്ങാമെന്നും കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി. 21ന് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിന്റെ നടപടി തുടങ്ങുമെന്നും അപകടം നടന്ന പ്രദേശത്ത് ഉടന്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും കളക്ടര്‍ ഉറപ്പ് നല്കി.






