
മാനന്തവാടി: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണിയാമ്പറ്റ പടിക്കംവയല്‍ പച്ചിലക്കാട് കക്കാറയ്ക്കല്‍ വീട്ടില്‍ അഭിരാം കെ. സുജിത്ത് (23), പച്ചിലക്കാട് പുത്തന്‍പീടികയില്‍ ഹൗസില്‍ മുഹമ്മദ് അര്‍ഷിദ് (25) എന്നിവരേയാണ് മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ ഗോപിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ രാവിലെ കല്‍പ്പറ്റ ഭാഗത്തുനിന്നാണ് ഇരുവരേയും പിടികൂടിയത്. കേസില്‍ പനമരം സ്വദേശികളായ താഴെപുനത്തില്‍ വീട്ടില്‍ ടി.പി. നബീല്‍ കമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
അഭിരാമിനേയും അര്ഷിദിനേയും എസ്.സി/എസ്.ടി. വിഭാഗങ്ങള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന മാനന്തവാടിയിലെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തു. കൂടല്‍ക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മാനന്തവാടി- പുല്‍പ്പള്ളി റോഡിലെ കൂടല്‍ക്കടവില്‍ അതിക്രമത്തിനിരയായത്. കൂടല്‍ക്കടവ് ചെക്ക്ഡാം കാണാനെത്തിയവരാണ് പ്രശ്നങ്ങളുണ്ടാക്കിയത്. വാഹനം നിര്‍ത്തി അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട് അനേ്വഷിക്കാന്‍ ചെന്ന മാതനെ കാറോടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.
പരുക്കേറ്റ മാതന് മാനന്തവാടിയിലുള്ള വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്.എം.എസ്. ഡിവൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: എം.കെ. സുരേഷ് കുമാറാണ് കേസ് അനേ്വഷിക്കുന്നത്.
കേസില്‍ ഒളിവില്‍പ്പോയ പനമരം സ്വദേശികളായ താഴെപുനത്തില്‍ ടി.പി. നബീല്‍ കമര്‍ (25), കുന്നുമ്മല്‍ വീട്ടില്‍ കെ. വിഷ്ണു എന്നിവര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവരെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു. മാനന്തവാടി പോലീസ് സ്റ്റേഷന്, ഫോണ്‍: 04935 240232 ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ മാനന്തവാടി, ഫോണ്‍: 9497987199 സബ് ഇന്‍സ്പെക്ടര്‍ മാനന്തവാടി, ഫോണ്‍: 949780816.






