
തിരുവനന്തപുരം: പൂരം കലക്കല്‍ വിവാദത്തില്‍ തിരുവമ്പാടി ദേവസ്വത്തെ പ്രതികൂട്ടിലാക്കി എഡിജിപി എം ആര് അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. സംഭവിച്ചത് പോലീസ് വീഴ്ചയല്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിന് വേണ്ടി പൂരം കലക്കിയെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരേത്ത ഡിജിപിയ്ക്ക് നല്കിയ റിപ്പോര്‍ട്ടാണ് ഇത്. ഈ റിപ്പോര്‍ട്ട് നേരത്തേ ഡിജിപി തള്ളിയിരുന്നു.
ജില്ലാ ഭരണകൂടത്തിനും പൊലീസിനും ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന് നിയമപരമായി നടപ്പിലാക്കുവാന്‍ സാധ്യമല്ലായെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കി തങ്ങളുടെ ഏതോ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി തിരുവമ്പാടി ദേവസ്വം പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവെച്ചത്.
ഇതില്‍ നിന്നും പൂരം നടത്തുകയായിരുന്നില്ല, തൊടുന്യായങ്ങള്‍ ഉന്നയിച്ച് മനഃപൂര്‍വ്വം അട്ടിമറിക്കുകയാണ് ചെയ്തതെന്നും തൊട്ടടുത്ത് വരുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന രീതിയില്‍ ഈ വിഷയം ഉയര്‍ത്തി കൊണ്ടു വന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ വിരുദ്ധവിഭാഗങ്ങളും തല്‍പ്പര കക്ഷികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരിനെതിരെ വികാരം ഉണ്ടാക്കുവാനും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനും ശ്രമിച്ചുണ്ടെന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിന് വേണ്ടി പൂരം കലക്കിയെന്ന നിലയിലുള്ള സൂചനകളും റിപ്പോര്‍ട്ടിലുണ്ട്. ബിജെപി നേതാവിന്റെയും ആര്‍എസ്എസിന്റെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വസ്തുതകളുടെയും സാക്ഷിമൊഴികളുടെയും രേഖകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയ മറ്റ് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലും പൊലീസിന് വീഴ്ച വന്നിട്ടില്ലെന്നും പൂരം സുഗമമായി നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് പോലീസ് ചെയ്തതെന്നും് റിപ്പോര്‍ട്ട് അസന്നിഗ്ധമായി വ്യക്തമാക്കുന്നത്.
പൊലീസ് പൂരം തടയുകയോ, ആചാരലംഘനം നടത്തുകയോ, കമ്മിറ്റിക്കാര് ഉള്‍പ്പെടെയുള്ള ആളുകളെ തടയുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടങ്ങള്‍ ഒന്നുമില്ലാതെ ആചാരങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് സുഗമമായി നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ ലഭിച്ച അവസരം സര്‍ക്കാര്‍ വിരുദ്ധവിഭാഗങ്ങളും തല്‍പ്പര കക്ഷികളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും വിഷയ ലാഭത്തിനായി സംസ്ഥാന സര്‍ക്കാരിനെതിരെ വികാരം ഉണ്ടാക്കുവാനും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാനും ശ്രമിച്ചുണ്ടെന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.






