ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് രഹസ്യരേഖകള്‍. രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് 1986 മാര്‍ച്ചിലാണ് രാജീവ് കൊല്ലപ്പെടുമെന്ന് സി.ഐ.എ രേഖകളില്‍ പറയുന്നത്. രാജീവ് വധത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലും ലോക രാഷ്ട്രീയത്തിലും സംഭവിക്കുന്ന മാറ്റങ്ങളും സി.ഐ.എ പ്രവചിക്കുന്നുണ്ട്.
23 പേജുള്ള സി.ഐ.എ രേഖകളില്‍ പകുതി മാത്രമാണ് പുറത്തു വന്നത്. പകുതി ഭാഗം ഡിലീറ്റ് ചെയ്യപ്പെട്ടു പോയി. രാജീവ് ഗാന്ധിക്കെതിരെ ഒരു തവണയെങ്കിലും വധശ്രമമുണ്ടാകുമെന്നാണ് പ്രവചനം. അത് ശരിയാകുകയും 1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുുപത്തൂരില് വച്ച് അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. കശ്മീര്‍ തീവ്രവാദികളോ സിഖ് തീവ്രവാദികളോ ആണ് രാജീവ് ഗാന്ധിയെ വധിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപം ഉണ്ടാകുമെന്നും സി.ഐ.എ രേഖകള്‍ പ്രചവിച്ചിരുന്നു.
രാജീവ് ഗാന്ധിയുടെ പിന്‍ഗാമിയായി പി.വി നരസിംഹ റാവുവോ വി.പി സിങ്ങോ അധികാരത്തില്‍ വരുമെന്നായിരുന്നു മറ്റൊരു പ്രവചനം. അതും ശരിയായി വന്നു. രാജീവ് ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം നരസിംഹ റാവുവാണ് പ്രധാനമന്ത്രിയായത്. സി.ഐ.എ രേഖകളിലെ പ്രധാന ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ട് പോയതിനാല്‍ ശ്രീലങ്കന്‍ തമിഴ് ഗ്രൂപ്പുകള്‍ രാജീവ് ഗാന്ധിയെ ലക്ഷ്യമിടുമെന്ന് അവര്‍ പ്രവചിച്ചിരുന്നോ എന്ന് വ്യക്തമല്ല.






