
കണ്ണൂര്‍: ആര് മരിച്ചാലും വിയോഗം തീരാനഷ്ടമാണെന്ന് പറയും എന്നാല്‍ എം.ടി.യുടെ കാര്യത്തില്‍ അത് സത്യമാണെന്ന് കഥാകൃത്ത് ടി. പത്മനാഭന്. ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ല. എംടിയുടെ വിയോഗം തീരാനഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ മരണത്തില്‍ വേദനയുണ്ട്. എംടി. തന്നെപ്പോലെയല്ല. താന്‍ ചെറുകഥയില്‍ മാത്രം ഒതുങ്ങിക്കൂടി ചെറിയ മേഖലയില്‍ നിന്നയാളാണ്. തന്നെക്കൊണ്ട് അത്ര മാത്രമെ കഴിയുകയുള്ളു. എന്നാല്‍, എംടി അങ്ങനെ അല്ല. അദ്ദേഹത്തിന്റേത് വിശാലമായ ലോകമായിരുന്നെന്നും പറഞ്ഞു. 1950 മുതല്‍ പരിചയമുള്ള തനിക്ക് അദ്ദേഹവുമായി നല്ലതും ചീത്തയും സമ്മിശ്രപ്പെട്ട ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
വീഴ്ചയെ തുടര്‍ന്നുള്ള ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ കാണാന്‍ പോകാനായിട്ടില്ല എന്നും ആരോഗ്യമുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പോയി കാണുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രണ്ട് കൊല്ലം മുന്‍പാണ് എംടിയെ ഏറ്റവും ഒടുവില്‍ കണ്ടത്. അദ്ദേഹത്തിന്റെ അന്ത്യം ഇത്ര വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ലെന്നും ടി. പത്മനാഭന് പറഞ്ഞു.






