
മലയാള ചലച്ചിത്ര രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് എം.ടി. വാസുദേവന്‍ നായര്‍. പണ്ടു കാലത്ത് ആളുകള്‍ സിനിമശാലകളിലെത്തിയിരുന്നത് ഉദയ, നീല എന്നീ ബാനറുകളെ അനേ്വഷിച്ചായിരുന്നു. അതു കഴിഞ്ഞെത്തി മലയാളത്തിന്റെ ആദ്യകാല ന്യൂജന്‍ സംവിധായകന് ഐ.വി. ശശി. ശശിയുടെ പരീക്ഷണ സിനിമകള്‍ കലാകൈരളി ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇതു പോലെ പോസ്റ്ററില്‍ എം.ടിയുടെ പേരു കണ്ടാല്‍ കാണികള്‍ തിയറ്ററുകളിലേക്കു പ്രവഹിക്കുന്ന കാഴ്ചയാണു പിന്നീടു കണ്ടത്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും പ്രതിഭ തെളിയിക്കാനുള്ള അവസരം എം.ടിയുടെ കഥാപാത്രങ്ങള്‍ നല്കി. സദയവും താഴ്വാരവും ഉയരങ്ങളിലും അമൃതംഗമയയും പഞ്ചാഗ്നിയും മോഹന്‍ലാലിന്റെ സാധ്യതകള്‍ വിളംബരം ചെയ്തു. മമ്മൂട്ടിക്കു വേണ്ടിയൊരുക്കിയ വടക്കന്‍ വീരഗാഥ, ഉത്തരം, പഴശ്ശിരാജ, സുകൃതം, അടിയൊഴുക്കുകള്‍ എന്നിവ കരിയര്‍ ബെസ്റ്റുകളായി മാറി.
ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, അഭയം തേടി തുടങ്ങിയവയാണ് എം.ടിയുടെ രചനയില്‍ ശ്രദ്ധനേടിയ ഐ.വി. ശശി ചിത്രങ്ങള്‍. പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ തുടങ്ങിയ സിനിമകളിലൂടെ തുടങ്ങിയ എം.ടി- ഹരിഹരന് കൂട്ടുകെട്ട് ഒരു വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും പോലുള്ള മെഗാ സിനിമകളിലേക്ക് വളര്‍ന്നു. വടക്കന്‍ വീരഗാഥ അതേവരെ കേട്ട വടക്കന്‍ പാട്ടിനെ അതിശയിപ്പിക്കുംവിധം തിരുത്തി.
ഇതോടെ വിജയം ഗ്യാരന്റി നല്കുന്ന ബ്രാന്‍ഡായി എം.ടി. മാറുകയും ചെയ്തു. ഹരിഹരനും ഐ.വി. ശശിക്കുമൊപ്പമായിരുന്നു എം.ടി. കൂടുതലും സിനിമകള്‍ ചെയ്തത്. സത്യജിത്ത് റേക്കു സൗമിത്ര ചാറ്റര്‍ജിയെന്ന പോലെ മമ്മൂട്ടിയായിരുന്നു എം.ടിക്കു പ്രിയപ്പെട്ട നടന്. ഏറ്റവും കൂടുതല്‍ എം.ടി. സിനിമകളില്‍ നായകനായതും മമ്മൂട്ടിയാണ്. ആറു സിനിമകളാണ് എം.ടി. സംവിധാനം ചെയ്തത്. ആദ്യ ചിത്രമായ നിര്‍മാല്യം 1973 ലെ രാജ്യത്തെ ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടി. ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നിവയാണ് എം.ടി. തിരക്കഥയെഴുതി സംവിധാനം ചെയ്ത മറ്റു സിനിമകള്‍.
ആദ്യമായി സംവിധാനം ചെയ്ത സിനിമയ്ക്കുതന്നെ രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ എം.ടി. പിന്നീടു മലയാള സിനിമയ്ക്കു നല്‍കിയത് ഇരുട്ടിന്റെ ആത്മാവും പരിണയവും ഒരു വടക്കന്‍ വീരഗാഥയും ഉള്‍പ്പെടെ കാലത്തെ അതിജീവിക്കുന്ന ചിത്രങ്ങളാണ്. 1958ല്‍ നാലുകെട്ട് പ്രസിദ്ധീകരിച്ചു മലയാള സാഹിത്യത്തില്‍ വരവറിയിച്ച എം.ടി. വാസുദേവന്‍ നായര്‍ 1963 ല്‍ സ്വന്തം കഥയായ മുറപ്പെണ്ണിനു തിരക്കഥ എഴുതിക്കൊണ്ടാണു സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു ചുവടുവച്ചത്. 69 ല്‍ ഓളവും തീരവുമെന്ന, പി.എന്‍. മേനോന്റെ മാസ്റ്റര്‍പീസിനു തിരക്കഥയൊരുക്കി.
സ്റ്റുഡിയോയ്ക്കു പുറത്തു ചിത്രീകരിച്ച ആദ്യ മലയാള സിനിമയായിരുന്നു ഓളവും തീരവും. മുറപ്പെണ്ണ്, മമ്മൂട്ടി തിരശീലയിലാദ്യമായി മുഖം കാണിച്ച വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ പിന്നാലെയെത്തി. തമിഴ് സ്വാധീനമുള്ള നാടകീയ സിനിമകളില്‍നിന്ന് മലയാള സിനിമയെ അസുരവിത്തും ഇരുട്ടിന്റെ ആത്മാവുമൊക്കെ വേറിട്ടുനിര്‍ത്തി. നിര്‍മാല്യത്തിലൂടെയാണ് എം.ടി. സംവിധായകന്റെ വേഷമണിയുന്നത്.






