
മന്മോഹന് സിങ്ങിനെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന് ഗുര്‍മുഖ് സിങ് കോലിയുടെ ആഗ്രഹം. മെഡിക്കല്‍ കോളജില്‍ ചേര്‍ന്നെങ്കിലും അദ്ദേഹം തെരഞ്ഞെടുത്തത് മറ്റൊരു പാത. മകള്‍ ദാമന്‍ സിങ് എഴുതിയ 'സ്ട്രിക്ലി പഴ്സണല്‍: മന്മോഹന് ആന്‍ഡ് ഗുര്‍ശരന്‍' എന്ന പുസ്തകത്തിലാണ് ആ സംഭവം രേഖപ്പെടുത്തിയത്.
പിതാവിന്റെ ആഗ്രഹപ്രകാരം 1948 ഏപ്രിലില്‍ മന്മോഹന് സിങ് അമൃത്സറിലെ ഖല്‍സ കോളജില്‍ ചേര്‍ന്നു. 'വൈദ്യശാസ്ത്രത്തില്‍ കൂടുതല്‍ പഠനത്തിലേക്ക് നയിക്കുന്ന രണ്ട് വര്‍ഷത്തെ എഫ്.എസ്.സി കോഴ്സിലാണ് അദ്ദേഹം ചേര്‍ന്നത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം വൈദ്യശാസ്ത്രത്തോടുള്ള താല്പര്യം നഷ്ടമായി. വാസ്തവത്തില്‍, അദ്ദേഹത്തിന് ശാസ്ത്രം പഠിക്കാനുള്ള താല്‍പ്പര്യവും നഷ്ടപ്പെട്ടു' -ദാമന്‍ എഴുതി.
'എനിക്ക് ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ല. ഞാന്‍ പോയി അച്ഛന്റെ കടയില്‍ ജോലിക്കു ചേര്‍ന്നു. ആ ജോലിയും ഇഷ്ടമായില്ല. കാരണം എന്നെ തുല്യനായി പരിഗണിച്ചില്ല. വെള്ളം കൊണ്ടുവരിക, ചായ കൊണ്ടുവരുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ഒരു വ്യക്തിയായാണ് എന്നെ കണക്കാക്കിയിരുന്നത്. അതോടെ കോളജിലേക്ക് തിരിച്ചു പോകണം എന്ന് ആഗ്രഹിച്ചു. 1948 സെപ്റ്റംബറില്‍ ഞാന്‍ ഹിന്ദു കോളജില്‍ ചേര്‍ന്നു'- സിങ് പറഞ്ഞു.അച്ഛന്റെ കടയില്‍ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം ദാരിദ്ര്യത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. സാമ്പത്തികശാസ്ത്രം അദ്ദേഹത്തെ ആകര്‍ഷിച്ച വിഷയമായിരുന്നു.
'ദാരിദ്ര്യത്തെക്കുറിച്ച് പഠിക്കാനാണ് ആഗ്രഹിച്ചത്. എന്തുകൊണ്ട് ചില രാജ്യങ്ങള്‍ ദരിദ്രമാണ്. എന്തുകൊണ്ട് മറ്റുള്ളവ സമ്പന്നമാണ് തുടങ്ങിയ വിഷയങ്ങളില്‍ എനിക്ക് എല്ലായ്പ്പോഴും താല്‍പ്പര്യമുണ്ടായിരുന്നു'.കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ പണമായിരുന്നു സിങ്ങിനെ അലട്ടിയിരുന്ന യഥാര്‍ത്ഥ പ്രശ്നം. 'ട്യൂഷനും ജീവിതച്ചെലവും പ്രതിവര്‍ഷം ഏകദേശം 600 പൗണ്ട് വരും. പഞ്ചാബ് യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പ് വഴി ഏകദേശം 160 പൗണ്ട് ലഭിക്കുമായിരുന്നു. ബാക്കിയൊക്കെ അച്ഛനെ ആശ്രയിക്കേണ്ടി വന്നു. അതോടെ സാമ്പത്തിക അച്ചടക്കം പ്രധാനമായി. ഡൈനിങ് ഹാളിലെ സബ്സിഡി ഭക്ഷണം ആശ്രയം. അതിന് രണ്ട് ഷില്ലിങ് ആറ് പൈസ ആകുമായിരുന്നു'- ഡോ. സിങ്ങിന്റെ വാക്കുകള്‍ ദാമന്‍ കുറിച്ചത് ഇങ്ങനെ.
ലണ്ടനിലെ താമസത്തിനിടെ തന്റെ പിതാവ് ഒരിക്കലും പുറത്ത് ഭക്ഷണം കഴിച്ചിട്ടില്ലെന്നും അപൂര്‍വമായി ബിയറും വൈനും കഴിക്കാറുണ്ടായിരുന്നെന്നും ദാമന്‍ എഴുതി. വീട്ടില്‍നിന്നുള്ള പണം കുറയുകയോ കൃത്യസമയത്ത് എത്താതിരിക്കുകയോ ചെയ്താല്‍ അദ്ദേഹം പ്രതിസന്ധിയിലാകുമായിരുന്നു. പണം ലഭിക്കാന്‍ വൈകിയാല്‍ ഭക്ഷണം കുറയ്ക്കും. പകരം അല്പം കാഡ്ബറി ചോക്ലേറ്റ് കഴിക്കും. ഒരിക്കല്‍ അദ്ദേഹം ഒരു സുഹൃത്തിനോട് രണ്ട് വര്‍ഷത്തേക്ക് 25 പൗണ്ട് കടം ചോദിച്ചു. പക്ഷേ, സുഹൃത്തിന് 3 പൗണ്ട് മാത്രമേ അയയ്ക്കാന്‍ കഴിഞ്ഞുള്ളൂ.
പ്രതിസന്ധി മുറുകുമ്പോള്‍ അദ്ദേഹം മൂക്കിന്റെ വശത്ത് ചൂണ്ടുവിരല്‍ വച്ചുകൊണ്ട് ഇരിക്കും. വീട്ടുജോലിയൊന്നും അദ്ദേഹത്തിന് വശമില്ലായിരുന്നു. അദ്ദേഹത്തിന് മുട്ട പുഴുങ്ങാനോ ടെലിവിഷന്‍ ഓണാക്കാനോ അറിയില്ലായിരുന്നു.സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം എപ്പോഴും സന്തോഷവാനായിരുന്നു. അവര്‍ സാമ്പത്തിക വിദഗ്ധരാണെങ്കില്‍ കൂടുതല്‍ സന്തോഷം. ചിരിക്കാനും തമാശകള്‍ പറയാനും അദ്ദേഹം സമയം കണ്ടെത്തി.
ആളുകള്‍ക്ക് വിളിപ്പേരുകള്‍ നല്കാന് അദ്ദേഹം ഇഷ്ടപ്പെട്ടു. മക്കള്‍ മൂന്നുപേര്‍ക്കും കിക്ക്, ലിറ്റില്‍ നോന്, ലിറ്റില്‍ റാം എന്നിങ്ങനെയായിരുന്നു വിളിപ്പേരുകള്‍.






