
കൊച്ചി: കലൂരില്‍ വന്‍ വിവാദമുണ്ടാക്കിയ സംഘനൃത്തത്തില്‍ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ എംഎല്‍എ ഉമാതോമസിന്റെ നിലയില്‍ പുരോഗതി. എംഎല്‍എ കണ്ണുതുറന്നതായും കാല് അനക്കിയതായുമാണ് റിപ്പോര്‍ട്ട്. മകന് കയറി എംഎല്‍എയെ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എയുടെ കാര്യത്തില്‍ പുതിയ മെഡിക്കല്‍ ബുള്ളറ്റിന് രാവിലെ പുറത്തുവിടുമെന്നാണ് വിവരം.
അതേസമയം പുതിയ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവന്നാല്‍ മാത്രമേ എംഎല്‍എയുടെ ആരോഗ്യകാര്യത്തിലെ കൃത്യമായ പുരോഗതി വിലയിരുത്താനാകൂ. ഇപ്പോഴും ഉമാതോമസ് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തന്നെയാണ്. ശ്വാസകോശ ത്തിനേറ്റ ചതവാണ് പ്രധാന പ്രശ്നം. ഞായറാഴ്ച വൈകിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ 12000 പേര് പങ്കെടുത്ത ഭരതനാട്യം പരിപാടിക്കിടയില്‍ 15 അടി ഉയരമുള്ള വേദിയില്‍ നിന്നും താഴെ വീണായിരുന്നു എംഎല്‍എയ്ക്ക് പരിക്കേറ്റത്.
കോണ്‍ക്രീറ്റ് സ്ളാബിലേക്ക് തലയടിച്ചു വീണ എംഎല്‍എ ബോധരഹിതയാകുകയും തുടര്‍ന്ന് പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിപാടി നടി ദിവ്യാഉണ്ണിയുടെ നേതൃത്വത്തിലാണ് നടന്നത്. അപകടം നടന്നതിന് പിന്നാലെ പരിപാടി വന്‍ വിവാദമായി മാറുകയും മതിയായ സുരക്ഷാ സൗകര്യം ഒരുക്കിയിരുന്നില്ലെന്നത് ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ പുറത്തു വരികയുമായിരുന്നു. വേദിയിലെ കസേരയില്‍ ഇരുന്ന ശേഷം പരിചയമുളള ഒരാളെ കണ്ട് മുമ്പോട്ട് നീങ്ങുമ്പോഴായിരുന്നു എംഎല്‍എ വീണത്.






