
കൊച്ചി: ഉമാ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരേ കൂടുതല്‍ നടപടി. കേസെടുത്തതിന് പിന്നാലെ ഇവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും പ്രൊപ്രൈറ്ററോട് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരിക്കുകയാണ് പാലാരിവട്ടം പോലീസ്. നിഗോഷ്കുമാര്‍ സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇയാള്‍ സ്വമേധയാ സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെ ആകെ കുരുങ്ങി. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിഗോഷ് കുമാര്‍ ഹാജരാകണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആള്‍ക്കാരില്‍ നിന്നും പണം ഈടാക്കിയെന്ന ആരോപണത്തില്‍ സാമ്പത്തീക ചൂഷണത്തിന്റെ കുറ്റം കൂടി മൃദംഗ വിഷനെതിരേ ചുമത്തിയിട്ടുണ്ട്. എംഎല്‍എയ്ക്ക് പരിക്കേറ്റ സുരക്ഷാവീഴ്ചയില്‍ വേറെയും കേസുണ്ട്.
കേസില്‍ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കൂടുതല്‍ ആക്കൗണ്ടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്. നൃത്താധ്യാപകര് പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. അതിനിടയില്‍ ഉമാതോമസ് എംഎല്‍എ വേദിയില്‍ നിന്നും താഴെ വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ സംവിധാനം വേണ്ടരീതിയില്‍ ഒരുക്കിയിരുന്നില്ല എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വേദിയില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്ന കാര്യം കൃത്യമായി വീഡിയോയില്‍ വ്യക്തമാകുന്നു.
വേദിയില്‍ എത്തിയ ഉമാതോമസ് തന്റെ കസേരയില്‍ ഇരുന്ന ശേഷം മറ്റൊരാളെ കണ്ടു സംസാരിക്കുന്നതിനായി മുമ്പോട്ട് നീങ്ങുമ്പോഴായിരുന്നു മറിഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില മെച്ചപ്പെട്ടു വരികയാണ്. അതേസമയം ഉമാതോമസ് വീണിട്ടും പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ പാകത്തിനുള്ള അത്യാവശ്യ സംവിധാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നില്ല എന്ന് ആരോപണമുണ്ട്്.






