
ലക്നൗ: യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ഉത്തർപ്രദേശിൽ പ്രതിദിനം 50,000 പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന് ബിജെപി എംഎൽഎ. പശുക്കളുടെ ക്ഷേമത്തിനായുള്ള തുക ഉദ്യോഗസ്ഥർ തിന്നുകയാണെന്നും ലോണിയിൽ നിന്നുള്ള എംഎൽഎ നന്ദ് കിഷോർ ഗുജാർ ആരോപിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ഗുജാർ ഗാസിയാബാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എംഎൽഎമാരുടെ ആശങ്കകൾ അവഗണിക്കപ്പെടുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ അറിവോടെയാണോ ഇത് സംഭവിക്കുന്നതെന്ന് ഗുജാർ ചോദിച്ചു. ലോണിയിലെ രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ പണം തട്ടിയെടുക്കുന്നത് പിടിക്കപ്പെടുന്നതായി കാണിക്കുന്ന ഒരു വിഡിയോയും അദ്ദേഹം പരാമർശിച്ചു.വിഷയം മുഖ്യമന്ത്രിയിൽ എത്തണം, ഈ ആളുകളുടെയെല്ലാം തലവൻ ചീഫ് സെക്രട്ടറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതിക്കാരായ ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 375 സീറ്റുകൾ (മൊത്തം 403ൽ) ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി അനിയന്ത്രിതമായി തുടർന്നാൽ തെരഞ്ഞെടുപ്പിൽ നിരവധി ബിജെപി സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച പണം നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.






