
കല്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാകുറിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷിക്കാന്‍ കെപിസിസി കമ്മീഷനെ നിയോഗിച്ചു. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മീഷന് ഇന്ന് മുതല്‍ മൊഴിയെടുപ്പും അന്വേഷണവും ആരംഭിക്കും. വിജയന്റെ കുടുംബാംഗങ്ങളെയും ആരോപണവിധേയരായ നേതാക്കളെയും കാണുന്നുണ്ട്.
രാവിലെ ഡിസിസിയോഗത്തിന് ശേഷം അന്വേഷണ കമ്മീഷന് വയനാട്ടിലെത്തും. വിജയന്റെ കുടുംബാംഗങ്ങളെയും ആരോപണവിധേയരായ ഐസി ബാലകൃഷ്ണന് എംഎല്‍എ, പ്രാദേശിക നേതാക്കളായ എന്‍.ഡി. അപ്പച്ചന്, കെ.എല്‍. പൗലോസ് എന്നിവരുടേയും ബത്തേരിയിലെ പ്രാദേശിക നേതാക്കളുടേയും അടക്കം മൊഴി രേഖപ്പെടുത്തുകയും ചെയ്യും. വയനാട് ഡിസിസി പ്രസിഡന്റ് എന്‍എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത് വരികയും മാധ്യമങ്ങളില്‍ അത് വലിയ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് പ്രശ്നം കെപിസിസി ഗൗരവത്തില്‍ എടുത്തത്.
തുടര്‍ന്ന് കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, വര്‍ക്കിംഗ് പ്രസിഡണ്ട് ടി എന്‍ പ്രതാപന്, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരെ ഉള്‍പ്പെടുത്തി കമ്മീഷനെ ചുമതലപ്പെടുത്തുകയായിരുന്നു. കെപിസിസി പ്രസിഡന്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്.
നിയമനത്തിനെന്ന പേരില്‍ എംഎല്‍എ പണം വാങ്ങിയെന്ന് കത്തില്‍ പറയുന്നുണ്ട്. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഇതൊരു കുടുംബപ്രശ്നമാക്കാന് പാര്‍ട്ടി ശ്രമിച്ചെന്നാണ് വിജയന്റെ കുടുംബത്തിന്റെ ആരോപണം. ഒരു ഡി.സി.സി. ട്രഷറര്‍ മരിച്ചിട്ട് ഒരു കോണ്‍ഗ്രസ് നേതാവ് പോലും തങ്ങളെ വിളിക്കുകയോ ആശ്വാസവാക്ക് പറയുകയോ ചെയ്തിട്ടില്ലെന്നു എന്‍.എം. വിജയന്റെ മകന് വിജേഷ് ആരോപിച്ചിരുന്നു.
പുറത്തു മറ്റു വലിയ പ്രശ്നങ്ങള്‍ നടക്കുമ്പോഴും കുടുംബപ്രശ്നമായി മാത്രം ചുരുക്കാനായിരുന്നു പാര്‍ട്ടിയുടെ നീക്കം. അച്ഛനെ ബലിയാടാക്കിയതാണെന്നും ആ രീതിയില്‍ തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും മകന് വിജേഷ് പറഞ്ഞു. 'രണ്ടു ദിവസം മുന്‍പാണ് കുടുംബാംഗങ്ങള്‍ തനിക്ക് കത്ത് തന്നത്. അവ്യക്തതയുള്ള ഭാഗങ്ങള്‍ അവരോട് തന്നെ വിശദമായി ചോദിച്ചറിഞ്ഞു. അങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞത്്. പറവൂരിലെ ഓഫീസില്‍ വന്നാണ് കത്ത് നല്‍കിയത്. എന്നാല്‍, കത്തുകിട്ടിയില്ലെന്നു ഞാന്‍ പറഞ്ഞെന്നു പറഞ്ഞ് കുടുംബാംഗങ്ങളെ പ്രകോപിപ്പിക്കാനാണു ശ്രമിച്ചതെന്നും പറഞ്ഞു.






