
ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കി. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോള്‍ ജാമ്യം നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. കോടതിയിൽ രൂക്ഷമായ വാദ പ്രതിവാദമാണ് നടന്നത്. ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിൽ വിടണോ റിമാന്‍ഡ് ചെയ്യണോ അതോ ജാമ്യം നൽകണോയെന്ന കാര്യത്തിൽ കോടതി അൽപ്പസമയത്തിനകം വിധി പറയും.
പരാതിക്കാരിക്ക് വേണ്ടത് പബ്ലിസിറ്റിയാണെന്ന് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വാദിച്ചു. മുഴുനീളം സമൂഹമാധ്യമങ്ങളിൽ, വാർത്തകളിൽ നിറഞ്ഞ് നിന്ന് പബ്ലിസിറ്റി നൽകുകയാണെന്നും ആരോപിച്ചു. എന്നാൽ, ബോബി ചെമ്മണ്ണൂര്‍ ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ശരീരത്തിൽ പരിക്കുണ്ടോയന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ രണ്ടു ദിവസം മുമ്പ് വീണിരുന്നുവെന്നും അതിന്റെ പരിക്കുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും അള്‍സര്‍ രോഗിയാണ് താനെന്നും ബോബി പറഞ്ഞു.
ഡിജിറ്റൽ തെളിവുകള്‍ അടക്കം പരിശോധിക്കണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.ബോബി ചെയ്തത് ഗൗരവമേറിയ കുറ്റമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. രാത്രിയിൽ ഉന്നയിക്കുന്ന വീഡിയോ പരാതിക്കാരി തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.എന്നാൽ, ഈ ഘട്ടത്തിൽ വീഡിയോ കാണേണ്ട ആവശ്യമില്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. പ്രതിഭാഗത്തോട് വാദം തുടരാനും ആവശ്യപ്പെട്ടു. വ്യാജ ആരോപണമാണെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമെന്നും അഡ്വ. രാമൻപിള്ള വാദിച്ചു.






