
തിരുവനന്തപുരം: ഐഎഎസ് പോരിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ കളക്ടര്‍ ബ്രോ എന്‍ പ്രശാന്ത് ഐഎസിന്റെ സസ്പെന്ഷന് നാലു മാസത്തേക്ക് കൂടി നീട്ടി. അതേസമയം മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന് ഐഎഎസിന് ക്ലീന്‍ ചിറ്റ് ലഭിച്ചു.
അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്പെന്റ് ചെയ്തത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നല്കിയ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരം പ്രശാന്ത് തനിക്കെതിരേ എടുത്ത നടപടിയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത് വിവാദമായിരുന്നു.
സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കുറ്റാരോപണ മെമ്മോക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിന് ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി മറുപടി നല്കി.
പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം 15 ദിവസം നീട്ടി നല്‍കുമെന്നും അറിയിച്ചു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം അവസാനിച്ചത്. അതേസമയം ഐഎഎസ് മേഖലയില്‍ വന്‍ വിവാദം ഉണ്ടാക്കിയ ഹിന്ദുക്കളായ ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം ഉയര്‍ന്ന ഗോപാലകൃഷ്ണന് ക്ലീന്‍ചിറ്റ് ലഭിച്ചു.






