
ഉച്ചയൂണ് വെറും ഒമ്പത് രൂപയ്ക്ക്, കേട്ടത് സത്യമാണ്. ദാലും നാല് റൊട്ടിയും പച്ചക്കറികളും ചോറും സാലഡും ഒരു പലഹാരവും ഈ തുകയ്ക്ക് കിട്ടും. വയറ് പൊരിയുന്നവര്‍ക്ക് ചെറിയ തുകയ്ക്ക് മെച്ചപ്പെട്ട ഒരു ഊണ് കിട്ടുന്നത് ഉത്തര്‍പ്രദേശില്‍ മഹാകുംഭ് 2025-ന് തയ്യാറെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ 'മാ കി രസോയ്' റസ്റ്റോറന്റ് വഴിയാണ്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തതും ശുചിത്വമുള്ളതും ആധുനികവുമായ റെസ്റ്റോറന്റ് വെള്ളിയാഴ്ച യോഗി ആദിത്യനാഥ് തന്നെയെത്തി ഉദ്ഘാടനം ചെയ്തു.
സ്വരൂപ് റാണി നെഹ്റു ഹോസ്പിറ്റല്‍ കാമ്പസില്‍ ഏകദേശം 2000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി കിച്ചണില്‍ ആദ്യ ഊണ് ഉദ്ഘാടനത്തില്‍ പങ്കെടുത്തവര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നേരിട്ട് വിളമ്പിക്കൊടുത്തു. ഒരേസമയം 150 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ് ഇത്്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ആരംഭിച്ചിട്ടുണ്ടെന്നും നന്ദി സേവാ സന്‍സ്ഥാനാണ് ഇത് പ്രവര്‍ത്തിപ്പിക്കുകയെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
''ആളുകള്‍ക്ക് വെറും 9 രൂപയ്ക്ക് മുഴുവന്‍ ഭക്ഷണം ആസ്വദിക്കാം. പരിപ്പ്, നാല് റൊട്ടി, പച്ചക്കറികള്‍, അരി, സാലഡ്, ഒരു മധുരപലഹാരം എന്നിവ ഉള്‍പ്പെടുന്നു.'' സര്‍ക്കാര്‍ അറിയിച്ചു. നന്ദി സേവാ സന്സ്ഥാന് പറയുന്നതനുസരിച്ച്, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചികിത്സയ്ക്കായി എസ്ആര്‍എന്‍ ആശുപത്രിയില്‍ വരുന്നവര്‍ക്കും ഭക്ഷണത്തെക്കുറിച്ച് ആശങ്കയുള്ളവര്‍ക്കും 'മാ കി രസോയ്' ഉപയോഗപ്രദമാകും.






