
മേലനങ്ങി ജോലി ഒന്നും ചെയ്യാതെ ഇങ്ങനെ വെറുതെയിരിക്കാനും പണം സമ്പാദിക്കാനും കഴിഞ്ഞിരുന്നെങ്കില്‍ എന്നു പലരും ആഗ്രഹിക്കാറുണ്ട്. അതുപോലെ ആഗ്രഹിച്ചിരുന്നയാളും, എന്ത് ചെയ്യാനും മടിയുള്ളയാളുമായിരുന്നു ജപ്പാനില്‍ നിന്നുള്ള 41 -കാരനായ മോറിമോട്ടോ. 'ഒന്നും ചെയ്യാത്ത യുവാവ്' എന്നാണ് ഇയാള്‍ ജപ്പാനില്‍ അറിയപ്പെടുന്നത് തന്നെ. എന്തിനേറെ പറയുന്നു ജോലി ചെയ്യാന്‍ മടിയായി ഒരു പണിയുമെടുക്കാതിരുന്നതിന് ഒരിക്കലിയാളെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടിട്ടുണ്ട്. എന്നാല്‍, ഇയാള്‍ ഇപ്പോഴുണ്ടാക്കുന്ന വരുമാനത്തെ കുറിച്ചറിഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ ഞെട്ടും. 69 ലക്ഷം രൂപ വരെ ഇയാളിങ്ങനെ സമ്പാദിക്കുന്നുണ്ടത്രെ.
അതിനും മാത്രം ഇയാളെന്താണ് ചെയ്യുന്നതെന്നോ? ഇയാള്‍ തന്നെത്തന്നെ വാടകയ്ക്ക് നല്‍കുകയാണ്. ഏതെങ്കിലും അപരിചിതര്‍ക്ക് ഒരാളെ കമ്പനിക്ക് വേണമെന്നുണ്ടെങ്കില്‍ മോറിമോട്ടോയെ വാടകയ്ക്കെടുക്കാം. പക്ഷേ, പ്രേമം അല്ലെങ്കില്‍ മറ്റെന്തെങ്കിലും ബന്ധം ഇതൊന്നും നടക്കില്ല. അത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. വീഡിയോ കോളില്‍ വരെ മോറിമോട്ടോയുടെ സേവനം ലഭ്യമാണ്. വീട്ടില്‍ പാചകമോ, ക്ലീനിംഗോ ഒക്കെ നടക്കുമ്പോള്‍ വീഡിയോ കോളില്‍ ഒരാള്‍ വേണം ബോറടിക്കാതിരിക്കാന്‍ എന്ന് തോന്നുന്നുണ്ടെങ്കില്‍ പോലും ഇയാളെ വാടകയ്ക്കെടുക്കാം. അതുപോലെ, ഒരു ചായ കുടിക്കാന്‍ പോവാന്‍, വെറുതെ കുറച്ച് നേരം വര്‍ത്തമാനം പറയാന്‍ എല്ലാത്തിനും മോറിമോട്ടോയുടെ സേവനം ലഭ്യമാണ്.
ഒരിക്കല്‍ ഒരാള്‍ മോറിമോട്ടോയോട് അവശ്യപ്പെട്ടത്, തന്റെ സുഹൃത്തിന്റെ കൂടെ ഒരു പരിപാടിയില്‍ പങ്കെടുക്കാമെന്ന് താന്‍ വാക്ക് കൊടുത്തു, അതിന് സാധിച്ചില്ല, അതിന് പകരമായി നിങ്ങള്‍ പോകണം എന്നാണത്രെ. അതുപോലെ ഒന്നും മിണ്ടാതെ വെറുതെ ഇരിക്കാന്‍ പോലും ആളുകള്‍ ഇയാളെ വാടകയ്ക്ക് എടുക്കാറുണ്ട്. മിക്കവാറും വിളിക്കുന്നവരാണ് ഫീസ് തീരുമാനിക്കുന്നത്. എന്നിരുന്നാലും, 5,400 ഉം 16,200 -നും ഇടയില്‍ തുക മോറിമോട്ടോയ്ക്ക് രണ്ടോ മൂന്നോ മണിക്കൂര്‍ ഇങ്ങനെ കിട്ടും. ആയിരക്കണക്കിനാളുകളാണത്രെ മോറിമോട്ടോയോട് സേവനം ആവശ്യപ്പെട്ടുകൊണ്ട് വിള ിക്കുന്നത്. അയാള്‍ക്കാണെങ്കില്‍ തന്റെ ഈ ജോലി ഭയങ്കര ഇഷ്ടവുമാണ്.






