
കാടുകളില്‍ മാത്രമല്ല വന്ന് വന്ന് നഗരങ്ങളിലും കുരങ്ങന്മാരെ കൊണ്ട് ആളുകള്‍ പൊറുതിമുട്ടാറുണ്ട്. ഇപ്പോഴിതാ
ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ സിറ്റി കാര്‍ട്ട് മാളിലെ ഒരു ഷോപ്പിംഗ് മാളില്‍ നടന്ന ഒരു അപ്രതീക്ഷിത സംഭവമാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. പതിവുപോലെ ഒരു ദിവസം മാള്‍ ആകെ ശാന്തമായിരുന്നു. പക്ഷേ, ഒരു കുരങ്ങന്റെ കടന്നുവരവോടെ എല്ലാം തകിടം മറിഞ്ഞു. സംഗതി കുരങ്ങനെ കണ്ടപ്പോള്‍ ആദ്യം ആളുകള്‍ക്ക് കൗതുകം തോന്നിയെങ്കിലും കക്ഷി അത്ര പാവത്താനല്ലന്ന് പെട്ടെന്ന് തന്നെ എല്ലാവരും തിരിച്ചറിഞ്ഞു. ഷോപ്പിംഗ് ഉണ്ടായിരുന്ന ഒരു യുവതിയെ കുരങ്ങന് ആക്രമിക്കുന്നതിന്റെയും അവരുടെ ഷൂ കടിച്ചെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കളും ഒരേ സ്വരത്തില്‍ ചോദിച്ചു, ഇത്ര ഭീകരന്മാരാണോ കുരങ്ങന്മാര് എന്ന്.
വീഡിയോയുടെ തുടക്കത്തില്‍ കുരങ്ങന് തുണികള്‍ തൂക്കിയിട്ടിരിക്കുന്ന സ്റ്റാന്‍ഡുകള്‍ക്ക് മുകളിലൂടെയും മറ്റും ചാടി നടക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ആളുകള്‍ ചുറ്റും കൂടിയതോടെ പരിഭ്രാന്തനായ കക്ഷി അല്പം വയലന്റായി. ഉടന്‍തന്നെ സ്റ്റാന്‍ഡില്‍ നിന്നും ചാടി സമീപത്തായി എന്ന യുവതിയുടെ തോളില്‍ ഇരിപ്പുറപ്പിച്ചു. ഭയന്നുപോയ യുവതി നിലത്തിരുന്നു. ചുറ്റുമുണ്ടായിരുന്ന ആളുകള്‍ കുരങ്ങനെ യുവതിയുടെ ദേഹത്ത് നിന്നും ഓടിച്ചു വിടാന്‍ പണികള്‍ പലതും നോക്കിയെങ്കിലും വിജയിച്ചില്ല. ചിലര്‍ പഴം കാണിച്ചു പ്രലോഭിപ്പിക്കാന്‍ നോക്കി. പക്ഷേ, കക്ഷി അനങ്ങിയില്ല.
ഇടയ്ക്ക് ഏതാനും തവണ നിലത്തേക്ക് ചാടിയെങ്കിലും വീണ്ടും അതേ വേഗത്തില്‍ യുവതിയുടെ തോളിലേക്ക് തന്നെ തിരികെ കയറി. ഇടയ്ക്ക് അവരെ കടിക്കാന്‍ ശ്രമിക്കുന്നതും മുടിയില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് നിലത്ത് വീണപ്പോള്‍ യുവതിയുടെ കാലില്‍ കിടന്ന ഷൂ തട്ടി പറിച്ചെടുത്ത് കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുരങ്ങന് വീണ്ടും വീണ്ടും യുവതി ആക്രമിച്ചു തുടങ്ങിയതോടെ ഷോപ്പിംഗ് മാളില്‍ ഉണ്ടായിരുന്ന ആളുകള്‍ ഏതാനും പുതപ്പുകൊണ്ട് മൂടി കുരങ്ങനെ പിടിക്കാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകള്‍ യുവതിയ്ക്ക് ഉണ്ടായ ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും കുരങ്ങന് എങ്ങനെ ആ ഷോപ്പിംഗ് മാളില്‍ എത്തി എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഷോപ്പ് മോള് അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.






