
ലക്നൗ: ലോകത്തുടനീളമുള്ള ഹിന്ദുആത്മീയവാദികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഇന്ത്യയുടെ മഹാകുംഭമേള ഉത്തര്‍പ്രദേശിന് നല്‍കുന്നത് വമ്പന്‍ കോള്‍. പരിപാടി ഉത്തര്‍പ്രദേശിന് 2,000,000,000,000 രൂപ വരുമാനം ഉണ്ടാക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസമൂഹം എന്ന് വിളിക്കപ്പെടുന്ന കുംഭമേളയില്‍ ലോകത്തുടനീളമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ പ്രയാഗ്രാജിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് രാവിലെ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് മഹാ കുംഭമേള ആരംഭിച്ചു,
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രയാഗ്രാജില് മഹാ കുംഭമേള നടക്കുന്നത്. ഗംഗ, യമുന, പുരാണ സരസ്വതി നദികള്‍ സംഗമിക്കുന്ന സംഗമസ്ഥാനത്ത് 50 ലക്ഷത്തിലധികം ആളുകള്‍ ആദ്യത്തെ പുണ്യസ്നാനം നടത്തി. ലോകത്തിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ സമ്മേളനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കുംഭമേള 40 കോടിയിലധികം ആളുകളെ പ്രയാഗ്രാജിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് യുഎസിലെയും റഷ്യയിലെയും ജനസംഖ്യയേക്കാള്‍ കൂടുതലാണ്.
ഫെബ്രുവരി 26 വരെ നടക്കുന്ന പരിപാടിയിലേക്ക് 4000 ഹെക്ടര്‍ ഭൂമിയിലായിട്ടാണ് ആള്‍ക്കാര്‍ക്ക് സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ വരുമാനത്തില്‍ വന്‍ വര്‍ദ്ധന പരിപാടി നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 45 ദിവസം നീളുന്ന മെഗാ പരിപാടിക്കായി 7000 കോടി രൂപയാണ് ഉത്തര്‍പ്രദേശ് ബജറ്റില്‍ വകയിരുത്തിയത്. ഉത്തര്‍പ്രദേശില്‍ 40 കോടി ആള്ക്കാര് 5000 രൂപ മാത്രം ചെലവിട്ടാല്‍ പോലും പരിപാടി രണ്ടുലക്ഷം കോടി ഉണ്ടാക്കിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവര്‍ 10,000 രൂപ ചെലവഴിച്ചാല്‍ നാലുലക്ഷം കോടി രൂപയോളം വരും. ഇത് യുപി യുടെ ജിഡിപിയില്‍ ഒരു ശതമാനം വര്‍ദ്ധനവും ഉണ്ടാക്കുന്നു.
2019ലെ പ്രയാഗ്രാജിന്റെ അര്‍ദ്ധ കുംഭമേള സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് 1.2 ലക്ഷം കോടി രൂപ സംഭാവന നല്‍കിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2019 ലെ 'അര്‍ദ്ധ'കുംഭമേള, ഏകദേശം 24 കോടി തീര്‍ത്ഥാടകരെ ആകര്‍ഷിച്ചിരുന്നു. എണ്ണ, വിളക്ക്, ഗംഗാജലം, വിഗ്രഹങ്ങള്‍, ധൂപവര്‍ഗ്ഗങ്ങള്‍, മതഗ്രന്ഥങ്ങള്‍ തുടങ്ങിയ മതപരമായ വസ്തുക്കളും വഴിപാടുകളും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ മറ്റൊരു പ്രധാന മേഖലയാണെന്നും 20,000 കോടി രൂപ സംഭാവന നല്‍കുമെന്നും വ്യാപാരികളുടെ സംഘടന പറഞ്ഞു.
പ്രാദേശിക, അന്തര്‍സംസ്ഥാന സേവനങ്ങള്‍, ചരക്ക്, ടാക്സികള്‍ എന്നിവയുള്‍പ്പെടെ ഗതാഗതം, ലോജിസ്റ്റിക്സ് എന്നിവയ്ക്ക് 10,000 കോടി രൂപ പ്രതീക്ഷിക്കുന്നു, അതേസമയം ടൂര്‍ ഗൈഡുകള്‍, ട്രാവല്‍ പാക്കേജുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ടൂറിസം സേവനങ്ങള്‍ 10,000 കോടി രൂപ കൂടി സംഭാവന ചെയ്യാന്‍ സാധ്യതയുണ്ട്. സിഎഐടി പറഞ്ഞു. താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്പുകള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ എന്നിവയിലൂടെ 3,000 കോടി രൂപയും ഇ-ടിക്കറ്റിംഗ്, ഡിജിറ്റല്‍ പേയ്മെന്റുകള്‍, വൈ-ഫൈ സേവനങ്ങള്‍, മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയ മേഖലകളില്‍ 1,000 കോടി രൂപയുടെ ബിസിനസ്സ് പ്രതീക്ഷിക്കുന്നു. പരസ്യവും പ്രമോഷണല്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള വിനോദ, മാധ്യമങ്ങള്‍ വ്യാപാരത്തില്‍ 10,000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കുമെന്ന് സിഎഐടി അറിയിച്ചു.
ഈ വര്‍ഷം, മഹാ കുംഭമേളയില്‍ സന്ദര്‍ശകരെ പാര്‍പ്പിക്കാന്‍ ഏകദേശം 1,50,000 ടെന്റുകള്‍ ഉണ്ട്, കൂടാതെ 3,000 അടുക്കളകളും 1,45,000 വിശ്രമമുറികളും 99 പാര്‍ക്കിംഗ് സ്ഥലങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും 40,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരാണ് കാവല്‍ നില്‍ക്കുന്നത്.






