
മലയാളത്തിലെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി സാനിയ അയ്യപ്പൻ. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചുരുക്കം സിനിമകളിലൂടെ ജനപ്രീതി നേടാൻ താരത്തിനു സാധിച്ചു. വളരെ ചെറിയ പ്രായത്തില്‍ ഡാൻസ് ഷോയിലൂടെ കഴിവ് തെളിയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയിട്ടുണ്ട് സാനിയ.
ഡാൻസിന് പുറമേ അഭിനയത്തിലും ഒരുപോലെ തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയിട്ടുണ്ട് താരം. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ക്വീൻ
എന്ന സിനിമയില്‍ നായികയായി ചിന്നു എന്ന കഥാപാത്രത്തിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ലൂസിഫർ, ദി പ്രീസ്റ്റ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം.
ഇപ്പോഴിതാ താൻ വിദേശപഠനം അവസാനിപ്പിച്ച് തിരിച്ചുവരാൻ കാരണം റേസിസമാണെന്ന് പറയുകയാണ് സാനിയ അയ്യപ്പൻ. തന്റെയൊപ്പം പഠിച്ചിരുന്ന ബ്രിട്ടീഷ് ടീനേജ് കുട്ടികള്‍ റേസിസ്റ്റുകളായിരുന്നെന്നും തമിഴ് പറഞ്ഞ് കളിയാക്കുമായിരുന്നെന്നും ലണ്ടനില്‍ പഠിക്കുന്നു എന്ന പേര് മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നും ബാക്കിയുള്ളതെല്ലാം ബുദ്ധിമുട്ട് തന്നെയാണെന്നും സാനിയ അയ്യപ്പൻ പറഞ്ഞു.
"പല കുട്ടികളും വളരെ എക്സൈറ്റഡായിട്ടാണ് വിദേശത്ത് പഠിക്കാൻ പോകുന്നത്. പിന്നീട് അവർക്ക് തിരിച്ചു വരാനുള്ള ഓപ്ഷൻ ഉണ്ടാകുന്നില്ല. എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ ഉള്ളതുകൊണ്ട് തിരിച്ചു വന്നു. അല്ലെങ്കില്‍ അവിടെ പോയി പെട്ടു പോകുന്ന അവസ്ഥയാണ്.
ലോണ്‍ എല്ലാം എടുത്ത് അങ്ങോട്ട് പോകുന്ന കുട്ടികള്‍ക്ക് അവിടെ എൻജോയ് ചെയ്യാനുള്ള ഒരു സമയം ഉണ്ടാകുന്നില്ല. തുടർച്ചയായി പാർട്ട് ടൈം ജോലികളും അസൈൻമെന്റുകളും അവർക്കുണ്ടാകും. ലണ്ടനില്‍ പഠിക്കുന്നു എന്ന പേര് മാത്രമേ ഉണ്ടാകുന്നുള്ളൂ. ബാക്കി എല്ലാം ബുദ്ധിമുട്ട് തന്നെയാണ്. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് കിട്ടിയ കുട്ടികളുടെ സന്തോഷം ഞാൻ കണ്ടിട്ടുണ്ട്.
ലണ്ടനിലാണ് ഞാൻ പഠിക്കാൻ പോയത്. എന്റെ ഒപ്പം ബാച്ചില്‍ ഉണ്ടായിരുന്നത് ടീനേജ് പ്രായത്തിലുള്ള ബ്രിട്ടീഷ് കുട്ടികളായിരുന്നു. അവർ വളരെ റേസിസ്റ്റായിരുന്നു. റേസിസം ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് ആളുകള്‍ ചോദിക്കും. ഉണ്ടെന്നുള്ളതല്ല, മറിച്ച് ടീനേജില്ലുള്ള കുട്ടികളെ നമ്മള് എത്ര പറഞ്ഞ് തിരുത്താൻ ശ്രമിച്ചാലും കഴിയില്ല. തമിഴില്‍ എന്തൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കുമായിരുന്നു. ഞാൻ തമിഴ് പോലുമല്ല. ആദ്യത്തെ രണ്ടു മാസം വീട്ടില്‍ വിളിച്ചു കരയുമായിരുന്നു ഞാൻ. പോവണ്ട എന്ന് പറഞ്ഞതല്ലേ എന്ന് അമ്മ അപ്പോള്‍ പറയും.
ബി എ ആക്ടിങ് ആൻഡ് ഡയറക്ഷൻ കോഴ്സാണ് ഞാൻ പഠിച്ചത്. അപ്പോള്‍ കൂടെ പെയർ ആയി ആരും ഉണ്ടാവില്ല. പ്രൊഫസറായിരിക്കും കൂടെ ഉണ്ടാകുക. നാട്ടില്‍ ബെറ്ററായ ഓപ്ഷൻ ഉള്ളപ്പോള്‍ ഞാൻ എന്തിനാണ് ഇവിടെ വന്ന് ബുദ്ധമുട്ടുന്നത് എന്ന് ഒരു സമയത്ത് തോന്നി... " സാനിയ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.






