
തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിന്റെ അമരവിള, ആര്യങ്കാവ്, കുമളി ചെക്ക് പോസ്റ്റുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ രാത്രി എട്ടിനുശേഷം 'പിരിക്കരു'തെന്നും അറിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ അറിയിക്കൂ എന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യൂണിയന് വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശം.
മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളില്‍ അഴിമതി തടയാന്‍ വിജിലന്‍സ് ജാഗ്രത ശക്തമാക്കുകയും പരിശോധന വ്യാപകമാക്കുകയും ചെയ്തതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യൂണിയന് ഗ്രൂപ്പില്‍ 'മുന്നറിയിപ്പു സന്ദേശ'മെത്തിയത്.!
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാത്രിയില്‍ മിന്നല്‍ പരിശോധനയ്ക്കെത്തുമെന്നും കൈക്കൂലി വാങ്ങുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും ആയിരുന്നു സന്ദേശത്തിന്റെ കാതല്‍. ഇൗ വാട്സാപ്പ് ചാറ്റ് അടക്കം വിജിലന്‍സിനു കിട്ടി.
റെയ്ഡിനെത്തിയവരും ഗതാഗത കമ്മിഷണറേറ്റിലെ ഉന്നതരും 'മുന്നറിയിപ്പു സന്ദേശം' കണ്ട് ഞെട്ടി. ചെക്ക് പോസ്റ്റ് അഴിമതിയുടെ നിഗൂഢ തലം വെളിപ്പെടുത്തുന്നതാണ് ഇൗ വാട്സാപ്പ് സന്ദേശം. ഇതിലേക്കും ഇനി അനേ്വഷണം നീളും.
മോട്ടോര്‍ വാഹന വകുപ്പിന്റെ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റിലടക്കം വിജിലന്‍സ് രണ്ടു ദിവസം മുമ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടിയിരുന്നു. ഇത്തരം പരിശോധന അമരവിള, ആര്യങ്കാവ്, കുമളി ചെക്ക് പോസ്റ്റുകളിലും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് രാത്രി എട്ടിനുശേഷം 'പിരിവുപാടില്ലെ'ന്ന 'സാരോപദേശം' എന്നാണു വിലയിരുത്തല്‍.
കണക്കില്‍പ്പെടാത്ത ഒന്നര ലക്ഷത്തോളം രൂപ പാലക്കാട് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നാല് ചെക്ക് പോസ്റ്റുകളില്‍നിന്നു വിജിലന്‍സ് പിടികൂടിയിരുന്നു. വാളയാര്‍ ഇന്‍ ചെക്ക്പോസ്റ്റില്‍നിന്ന് 90,650 രൂപയും ഒൗട്ട് ചെക്ക്പോസ്റ്റില്‍നിന്ന് 29,000 രൂപയും കണ്ടെടുത്തു. ഗോപാലപുരം ആര്.ടി.ഒ. ചെക്ക്പോസ്റ്റിലെ പരിശോധനയില്‍ 15,650 രൂപയാണ് കണ്ടെടുത്തത്.
മീനാക്ഷിപുരം മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്പോസ്റ്റില്‍നിന്ന് 4050 രൂപയും കണ്ടെടുത്തു. ഓഫീസുകളില്‍ പല ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിജിലന്‍സ് കുറച്ചു ദിവസങ്ങളായി ഇത്തരം റെയ്ഡുകള്‍ സംസ്ഥാനത്തുടനീളം നടത്തുന്നുണ്ട്.






