
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനോട് പരസ്യമായി മാപ്പും യുഡിഎഫിന് പിന്തുണയും പ്രഖ്യാപിച്ചതോടെ പി വി അന്‍വര്‍ യുഡിഎഫിനുള്ളിലാകുമോ എന്ന ആകാംഷ കൂടുന്നു. അന്‍വറിന് അനുകൂലമായ നിലപാടുകളിലേക്ക് യുഡിഎഫും മയപ്പെടുകയാണെന്നും അന്‍വറിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവര്‍ കൂടുന്നതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കാര്യം കെപിസിസി ഉടന്‍ ചര്‍ച്ച ചെയ്യും. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ പരസ്യപ്രതികരണം നടത്തിയതോടെ അന്‍വറിനെ അവഗണിക്കുന്നത് ഗുണകരമല്ലെന്ന അഭിപ്രായഗതികള് കോണ്‍ഗ്രസിനുള്ളിലുണ്ട്. നിലവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും അന്‍വറിന് അനുകൂലമാണ്. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പി വി അന്‍വര്‍ മാപ്പ് പറഞ്ഞിരുന്നു. ൗ മാപ്പ് സ്വീകരിച്ചതായി വി.ഡി. സതീശനും വ്യക്തമാക്കി. മുന്നണി പ്രവേശനത്തില്‍ തന്റെ വ്യക്തിപരമായ എതിര്‍പ്പ് ബാധകമല്ല എന്നും എനിക്ക് അന്‍വറിനോട് ഒരു എതിര്‍പ്പും ഇല്ല എന്നും സതീശന് തുറന്നുപറയുകയും ചെയ്തതോടെ സതീശന്റെ നിലപാട് ഇനി നിര്‍ണ്ണായകമാകും.
കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനൊപ്പം നിന്നാലെ ജയിക്കാന്‍ കഴിയൂ എന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് അന്‍വര്‍ നിലമ്പൂര്‍ സീറ്റ് വിട്ടുകൊടുത്തതെന്ന വിലയിരുത്തലുണ്ട്. മലപ്പുറത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് നിലമ്പൂര്‍. ഇൗ സീറ്റിനുവേണ്ടി വാദിച്ചാല്‍ യു.ഡി.എഫ്. പ്രവേശം അത്ര സുഗമമാകില്ലെന്ന് അന്‍വര്‍ മനസിലാക്കി. ഇതോടെയാണ് അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടാകും അന്‍വറിന്റെ യു.ഡി.എഫ് മുന്നണി പ്രവേശത്തില്‍ ഏറ്റവും നിര്‍ണായകം.
ഇതിനിടെയിലും ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പറഞ്ഞുവയ്ക്കുകയും ചെയ്തു. നിലമ്പൂരില്‍ തന്റെ രാഷ്ട്രീയ എതിരാളിയായി അന്‍വര്‍ കണ്ടിരുന്ന ആര്യാടന് ഷൗക്കത്തിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. എന്നാല്‍ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഡി.എന്‍.എയിലും വിശദീകരണം നല്കി. ഇതെല്ലാം യു.ഡി.എഫിലേക്ക് എടുക്കാനുള്ള അന്‍വറിന്റെ നീക്കമാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഇനി യു.ഡി.എഫില്‍ എടുക്കുന്നതില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും എതിരു നില്‍ക്കില്ലെന്നാണ് അന്‍വറിന്റെ പ്രതീക്ഷ. രമേശ് ചെന്നിത്തലയും അന്‍വറിന് അനുകൂലമാണ്. ആര്യാടന് ഷൗക്കത്തു പോലും അന്‍വറിനെ വ്യക്തിപരമായി കടന്നാക്രമിച്ചിട്ടില്ല
യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കുമെന്ന അന്‍വറിന്റെ പരാമര്‍ശം നേതാക്കളെ ആവേശത്തിലാക്കിയിട്ടുണ്ട്. പിണറായിസത്തിനെതിരായ പ്രചാരണത്തിന് അന്‍വറാണ് നല്ല പോരാളിയന്ന അഭിപ്രായം യു.ഡി.എഫില്‍ സജീവമാണ്.






