
മലപ്പുറം: നിറത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ മാനസീക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കൊണ്ടോട്ടിയിലെ ഷഹാനയുടെ മൃതദേഹം
ഖബറടക്കി. നിരന്തര പരിഹാസവും നിറത്തെച്ചൊല്ലിയുള്ള അപമാനവും വിവാഹമോചനത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദങ്ങളുമാണ് ഷഹാനയെ ബുദ്ധിമുട്ടിച്ചതെന്ന ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനും കുടുംബത്തിനുമെതിരേ രംഗത്ത് വന്നിട്ടുണ്ട്. രേഖാമൂലം പോലീസില്‍ പരാതി കൊടുക്കാനൊരുങ്ങുകയാണ് കുടുംബം.
രണ്ടാഴ്ച മുമ്പാണ് ഷഹാന വിവരങ്ങള്‍ വീട്ടുകാരോട് പറഞ്ഞത്. ഷഹാനയോട് ഭര്‍ത്താവ് വര്‍ണ്ണവിവേചനം കാട്ടിയിരുന്നെന്നും നിരന്തരം മാനസിക മായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കറുത്ത നിറമായതിനാല്‍ വെയില് കൊള്ളരുതെന്ന് പരിഹസിച്ചു. വിവാഹബന്ധത്തില്‍ നിന്നും ഒഴിയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ആക്ഷേപം. വിവാഹ ബന്ധത്തില്‍ കടിച്ചു തൂങ്ങിക്കിടക്കാതെ ഒഴിഞ്ഞുപോകാന്‍ വാഹിദിന്റെ മാതാവ് ചോദിച്ചതായും തുടര്‍ന്ന് ഷഹാന ഭര്‍ത്താവിന്റെ ഉമ്മയുടെ കാലില്‍ കെട്ടിപിടിച്ചു പൊട്ടികരഞ്ഞുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും പരിഹസിച്ചിരുന്നതായി സഹപാഠികളില്‍ പറഞ്ഞറിഞ്ഞതായും കുടുംബം പറയുന്നു.
കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് വിളിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെയാണ് ഷഹാന ആത്മഹത്യ ചെയ്തതെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്ന് കുടുംബം പോലീസ് പരാതി നല്കി.
2024 മെയ് 27 നായിരുന്നു മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന് ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി വളരെ മാനസിക പ്രയാസത്തിലായിരുന്നു. വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക പെണ്‍കുട്ടി കുടുംബത്തോട് പങ്കുവെച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മറികടക്കാന്‍ ശ്രമിക്കുക. മാനസീകസമ്മര്‍ദ്ദം അധികരിച്ചാല്‍ വിദഗ്ദ്ധരുടെ സഹായം തേടുക)






