
ജന്മം കൊണ്ട് മലയാളിയാണെങ്കിലും ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച താരറാണിയാണ് വിദ്യ ബാലന്. ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് വിദ്യ. വേറിട്ട വേഷങ്ങളിലൂടെ എന്നും പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് താരം. സൗന്ദര്യത്തിനും ബോഡി ഷേപ്പിനും ക്യൂട്ട്നസിനും അപ്പുറം ആരാധകരുടെ മനസ്സിൽ കഴിവിന്റെയും സ്ത്രീശക്തിയുടെയും പ്രതീകമായ വിദ്യാ ബാലന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ബോളിവുഡിലെ മുന്‍നിര നായികയാണെങ്കിലും സ്വകാര്യ ജീവിതത്തില്‍ വിദ്യ ബാലന് എന്നും സ്വകാര്യത കാത്തു സൂക്ഷിക്കാറുണ്ട്. ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പം പോലും അപൂർവമായേ വിദ്യയേ പൊതുവിടങ്ങളില്‍ കാണാറുള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഭർത്താവിനൊപ്പമുള്ള ഫോട്ടോകള്‍ വിദ്യ പങ്കുവയ്ക്കുന്നതും കുറവാണ്.
2012 ലാണ് നിര്‍മ്മാതാവ് കൂടിയായ സിദ്ധാർത്ഥ് റോയ് കപൂറിനെ വിദ്യ ബാലന് വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു. താൻ വിവാഹിതയാകുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാല്‍ സിദ്ധാർത്ഥ് ജീവിതത്തിലേക്ക് കടന്ന് വന്നതോടെ എല്ലാം മാറിയെന്നാണ് വിദ്യ ബാലൻ ഒരിക്കല്‍ പറഞ്ഞത്.ഭർത്താവ് നിർമാതാവാണെങ്കിലും അദ്ദേഹത്തിന്റെ പ്രൊഡക്ഷനില്‍ സിനിമ ചെയ്യാൻ വിദ്യ താല്പര്യപ്പെടുന്നില്ല. കരിയറിലെ നേട്ടങ്ങള്‍ക്ക് കാരണം നിർമാതാവിന്റെ ഭാര്യയായതാണെന്ന് ആരും പറയരുതെന്ന വിദ്യയുടെ തീരുമാനവും ഇതിന് പിന്നിലുണ്ട്.
ഇപ്പോഴിതാ ഓപ്പണ്‍ റിലേഷൻഷിപ്പിനെതിരെ വിദ്യ ബാലൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണിതെന്ന് വിദ്യ പറയുന്നു.
‘‘ഓപ്പണ്‍ റിലേഷൻഷിപ്പ് എന്ന ആശയത്തെ എനിക്ക് മനസിലാകുന്നില്ല. എല്ലാത്തിലും പരസ്പരം ഓപ്പണാകാം. പക്ഷെ ഓപ്പണ്‍ റിലേഷൻഷിപ്പില്‍ പങ്കാളി മറ്റാെരാളുടെ ഒപ്പമാകുന്നതില് നിങ്ങള്‍ക്ക് കുഴപ്പമില്ല. ആരെങ്കിലുമായി പങ്കാളിയെ പങ്കുവെക്കുന്നു. ഞാനതിന് ഓക്കെയല്ല. ഞാൻ മോണോഗമിയില്‍ വിശ്വസിക്കുന്നു. പങ്കാളിയുമായി നിങ്ങള്‍ എത്രത്തോളം സെക്യൂറായാലും പങ്കാളി മറ്റൊരാള്‍ക്കൊപ്പം ഇരിക്കുന്നെന്ന ചിന്തപോലും എന്നെ ദേഷ്യപ്പെടുത്തുന്നു.
ഓപ്പണ്‍ റിലേഷൻഷിപ്പ് എന്ന സങ്കല്‍പ്പത്തെ ഞാൻ തിരസ്കരിക്കുന്നു. നിങ്ങള്‍ക്കത് വർക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഓക്കെ. ഞാന്‍ വളരെ ഇമോഷണലും പൊസസീവുമാണ്...’’ വിദ്യ പറയുന്നു.
എന്നാല്‍ താരത്തിന്റെ പരാമർശം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ പല കമന്റുകളും വരുന്നുണ്ട്. വിദ്യയുടെ അഭിപ്രായത്തോട് നിരവധി പേർ യോജിച്ചു.
പക്ഷേ ചിലര്‍ താരത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ‘അത്രയ്ക്ക് കാർക്കശ്യം വേണോ, നിങ്ങളുടെ ഭർത്താവ് നേരത്തെ രണ്ട് തവണ വിവാഹം ചെയ്തതല്ലേ, ഇത്രയും ഉയർന്ന മാനദണ്ഡങ്ങളുള്ള വിദ്യ എന്തിനാണ് മൂന്നാം ഭാര്യയായത്, ഭർത്താവ് പോളിഗാമിയിലാണ് വിശ്വസിക്കുന്നതെന്ന് തോന്നുന്നു...’ എന്നിങ്ങനെ പോകുന്നു പരിഹാസ കമന്റുകള്‍.
വിവാഹമോചിതനായ ശേഷമാണ് സിദ്ധാർത്ഥ് വിദ്യയെ വിവാഹം ചെയ്യുന്നത്. ഇതും ഓപ്പണ്‍ റിലേഷൻഷിപ്പും തമ്മില്‍ താര്യതമ്യം ചെയ്യാനാകില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. അഭിമുഖത്തില്‍ തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും വിദ്യ സംസാരിക്കുന്നു. ‘‘12 വർഷത്തോളമായി ഞാൻ വിവാഹിതയാണ്. ഈ വർഷങ്ങളിലൂടെ ഞാൻ മനസിലാക്കിയത് വിവാഹജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ് തോന്നുന്നതെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുകയാണ്.
ചിലപ്പോള്‍ വളരെ സിംപിളായ കാര്യങ്ങളാകുമ്പോള്‍ അത് കഠിനമാണ്. പക്ഷെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പരസ്പരം മനസിലാക്കാനും ബഹുമാനിക്കാനും കൂടുതല്‍ സ്നേഹിക്കാനും പറ്റും.
വിവാഹം രണ്ട് വ്യക്തികള്‍ തമ്മില്‍ മാത്രമുള്ളതാണ്. ഒരു കുടുംബത്തെയാണ് വിവാഹം ചെയ്യുകയെന്ന് ഇന്ത്യയില്‍ പറയും. അത് സത്യമല്ല. എന്ത് സംഭവിച്ചാലും അത് നിങ്ങള്‍ക്കിടയില്‍ നില്‍ക്കണം. പലപ്പോഴും ദമ്പതികള്‍ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാതെ പങ്കാളിയെക്കുറിച്ച് മറ്റാരെങ്കിലുമായി കമ്മ്യൂണിക്കേറ്റ് ചെയ്യും. അത് വളരെ മോശമാണ്...’’ വിദ്യ ബാലൻ പറഞ്ഞു.






