
മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലെ ഉദ്ഗിർ പട്ടണത്തിൽ ദുരൂഹത ഉടലെടുക്കുകയാണ്. കാരണം ഇവിടെ രണ്ടുദിവസത്തിനിടെ 35 കാക്കകളാണ് ചത്തൊടുങ്ങിയത്. ഹുതാമ സ്മാരഗാർഡനിലും മഹാത്മാഗാന്ധി ഗാർഡനിലുമാണ് കാക്കകളെ കണ്ടെത്തിയത്. കാക്കകള്‍ ചത്തൊടുങ്ങുന്നത് ഭീതി പരത്തിയതോടെ പ്രദേശത്തെ താമസക്കാർ പരാതിയുമായി രംഗത്തെത്തി. ഇതോടെ അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചു.
തുടര്‍ന്ന് ആറ് കാക്കകളെ പുണെ റീജിയണൽ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ലൈഫ്സ്റ്റോക്ക് വികസന ഓഫിസർ ഡോ. പ്രകാശ് ധോണ്ട് അറിയിച്ചു. തിങ്കളാഴ്ച മുതൽ പക്ഷിമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഉദ്ഗിർ നിവാസികൾ പരിഭ്രാന്തരാകരുതെന്നും തഹസിൽദാർ രാം ബോർഗോങ്കർ അറിയിച്ചു.






