
ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഗൗതം മേനോൻ.
ധ്രുവനച്ചത്തിരം ഉറപ്പായും റിലീസാകുമെന്നും മദ ഗജ രജയുടെ വിജയം തനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണെന്നും ഗൗതം മേനോൻ പറഞ്ഞു. ചിത്രം ഒരിക്കലും 2016 ൽ ഷൂട്ട് ചെയ്തതാണെന്ന് തോന്നില്ലെന്നും കഴിഞ്ഞ ആഴ്ച ഷൂട്ട് തീർന്ന സിനിമ പോലയെ അനുഭവപ്പെടൂ എന്നും ഗൗതം മേനോൻ പറഞ്ഞു. 'ഇപ്പോൾ വിശാലിന്റെ മദ ഗജ രാജ വളരെ നന്നായി ഓടുന്നത് കാണുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. മദ ഗജ രജയുടെ വിജയം എനിക്കൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. ധ്രുവനച്ചത്തിരം ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി തന്നെ വരും.', ഗൗതം മേനോൻ പറഞ്ഞു.
2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.






