
തിരുവനന്തപുരം: ബ്രൂവറി ഉള്‍പ്പെടെ അനേകം വിവാദവിഷയങ്ങള്‍ മുമ്പില്‍ നില്‍ക്കേ തന്നെ കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ കേസും സഭയില്‍ പ്രക്ഷുബ്ദ്ധമാകും. വിഷയം സഭയില്‍ അടിയന്തരപ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചേക്കും.
കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹനനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഏരിയാ സെക്രട്ടറി അടക്കമുള്ളവരെ പിടികൂടിയിട്ടില്ല. പ്രതികളായ പ്രധാന നേതാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന ആരോപണം യുഡിഎഫും ശക്തമാക്കുകയാണ്. പ്രതി ചേര്‍ക്കപ്പെട്ട സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗവും ഇന്ന് കൂത്താട്ടുകുളത്ത് നടക്കും. കൂത്താട്ടുകുളം നഗരസഭയില്‍ നടന്ന അവിശ്വാസപ്രമേയത്തിനിടെ കൗണ്‍സിലര്‍ കലാ രാജുവിനെ സിപിഐഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന പരാതിയുണ്ടായിരുന്നു. അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്ന വേളയിലാണ് കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്.
അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ ഇന്ന് തുടങ്ങും. മൂന്ന് ദിവസമാണ് ചര്‍ച്ച. യുജിസി പുറപ്പെടുവിച്ച കരട് മാനദണ്ഡങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇന്ന് സഭയില്‍ പ്രമേയം അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കും.






