
കൊച്ചി: വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത്, മനുഷ്യ-വന്യജീവി സംഘര്‍ഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും ഇതുസംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് വനം-വന്യജീവി വകുപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കാണ് വിവരങ്ങള്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന വനം വകുപ്പിന്റെ മറുപടി.വിവരങ്ങള്‍ നല്‍കുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അപേക്ഷ കൈമാറിയിരിക്കുകയാണ്.
വര്‍ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ തടയുന്നതിനുള്ള വിവിധ പദ്ധതികള്‍, കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ധനസഹായം, ഫെന്‍സിങ്ങിന്റെ സ്ഥിതി, വന്യജീവി ആക്രമണത്തില്‍ കുടുംബാംഗങ്ങളുടെ മരണത്തിന് ആശ്വാസമായി സര്‍ക്കാര്‍ ജോലി ലഭിച്ചവരുടെ എണ്ണം തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന വനം വകുപ്പിന്റെ മറുപടി.
സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അവ്യക്തമായ മറുപടി നല്കിയതിനാല് അപ്പീല്‍ നല്‍കുമെന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരി പറഞ്ഞു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി നിയമിക്കുന്നതും വിദഗ്ധ നിര്‍ദേശങ്ങള്‍ക്ക് അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുന്നതും തീരുമാനമായി നിലനില്‍ക്കെയാണ് കണക്കുകള്‍ക്കായി സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുന്നത്.
സംസ്ഥാനത്ത് 14 വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 1500-ലേറെപ്പേരാണ്. 30 ശതമാനത്തോളം വനഭൂമിയുള്ള സംസ്ഥാനത്ത് വനത്തോടുചേര്‍ന്നുള്ള സ്ഥലത്തുമാത്രമല്ല വന്യജീവിഭീഷണിയെന്നതും പ്രത്യേകതയാണ്.






