
കൊച്ചി : പരസ്യമായി പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണനെതിരേ പോലീസ് കേസെടുത്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ പിന്നീടു ചേര്‍ന്ന യോഗത്തില്‍ ബി.ഉണ്ണിക്കൃഷ്ണന് തനിക്കെതിരേ പരസ്യമായി വെല്ലുവിളി നടത്തിയെന്നാണ് സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തല്‍.
തന്നെ മലയാള സിനിമ ചെയ്യിക്കില്ല എന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെയും ചേംബറിലെയും എല്ലാവരുടെയും സാന്നിധ്യത്തില്‍ ബി.ഉണ്ണിക്കൃഷ്ണന് പരസ്യമായി വെല്ലുവിളിച്ചിരുന്നു. പരാതി കൊടുക്കുന്നതിന് മുന്‍പ് ഒരു സിനിമ ചെയ്യാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായിരുന്നു. അപ്പോഴാണ് ഇങ്ങനെ വെല്ലുവിളി വരുന്നത്. പല രീതികളില്‍ കേസില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചു.
സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടെന്നും തൊഴില്‍ സ്വാതന്ത്ര്യത്തിന് തടസം നിന്നുവെന്നും പരാതിയിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എതിര്‍പ്പുകള്‍ക്കിടെ പുതിയ സിനിമയായി മുന്നോട്ടുവരുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. അവസരം തരില്ലെന്നു പരസ്യമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രതികരിക്കാന്‍ പറ്റാത്ത ഒരാളായതുകൊണ്ട് മിണ്ടാതെ കേട്ടുനില്‍ക്കാനേ പറ്റിയുള്ളൂ. ഒരു പുരുഷന്റെ മുഖത്തുനോക്കി അദ്ദേഹം ഇങ്ങനെ പറയുമോയെന്നും സാന്ദ്രാ തോമസ് ചോദിച്ചു.
നമ്മുടെ ഇന്ഡസ്ട്രിയിലെ ആളുകള്‍ക്കെതിരേ പരാതി നല്‍കുകയും പൊരുതേണ്ടിവരികയുമൊക്കെ ചെയ്യുന്നതു സങ്കടമുള്ള കാര്യമാണ്. സ്വന്തം തൊഴിലിടത്തില്‍നിന്നു പോരാടി സിനിമ ചെയ്യേണ്ടിവരുന്ന അവസ്ഥ എന്നതു കുറച്ചു മോശമായ കാര്യമാണ്. വിഷമമുള്ള കാര്യമാണെങ്കിലും മുന്നോട്ടുപോവുകയല്ലാതെ നിവൃത്തിയില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗത്തുനിന്ന് ഒരു മോശം അനുഭവമുണ്ടായപ്പോള്‍ അതു തുറന്നുപറഞ്ഞതിന്റെ പേരിലും കേസായതിന്റെ പേരിലും തന്നെ അവിടെനിന്നു പുറത്താക്കാനായി ബി. ഉണ്ണിക്കൃഷ്ണനടക്കമുള്ളവര് വഹിച്ച പങ്കു വലുതാണ്. കഴിഞ്ഞ പത്തു പതിനാലുവര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക പീഡനത്തില്നിന്നാണ് ഇൗ കേസുവരെ എത്തിനില്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവന്നശേഷം ഇന്‍ഡസ്ട്രിയില്‍ പോസിറ്റീവായ മാറ്റങ്ങളുണ്ടാവുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. അതിന്റെ ഭാഗമായാണു മോശം അനുഭവമുണ്ടായപ്പോള്‍ പ്രതികരിച്ചതും കേസ് കൊടുത്തതും. എന്തെങ്കിലും സംഭവിക്കുമെന്നു പലര്‍ക്കും പേടിയായിരുന്നെങ്കില്‍ ആ ഭയം ഇപ്പോള്‍ ഇല്ലാതായി. കേസ് കൊടുക്കുന്ന ആളുകളെ പുറത്താക്കിയാല്‍ അതിനെ ചോദ്യംചെയ്യാനൊന്നും ആരുമില്ല. അപ്പോഴും അവരുടെ സേ്വച്ഛാധിപത്യം സുഗമമായി നടന്നുപോവുകയാണ്. ആരും അവരെ ചോദ്യംചെയ്യാനില്ലെന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തി.
ബി. ഉണ്ണിക്കൃഷ്ണനോടു വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല. എന്നാല്‍ അദ്ദേഹം പറയുന്നതും ചെയ്യുന്നതും തമ്മില്‍ ബന്ധമില്ല. സാന്ദ്ര ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഫെഫ്ക അതിനോടു സഹകരിക്കുമെന്നു അദ്ദേഹം പറയുകയാണെങ്കില്‍ അപ്പോഴാണു കൂടുതല്‍ ഭയക്കേണ്ടത്. അങ്ങനെ പലരോടും ചെയ്തിട്ടുണ്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടു വന്നശേഷം എല്ലാം ഒന്നുകൂടി മോശമാവുകയാണു ചെയ്തതെന്നാണു തോന്നുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.





