
കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലയില്‍ ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ രാത്രിയിലും തുടര്‍ന്നു. ഇന്നലെ രാത്രി താല്‍ക്കാലികമായി അവസാനിപ്പിച്ച ജോലി ഇന്ന് രാവിലെ വീണ്ടും ആരംഭിക്കും. അതേസമയം കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ആള്‍ക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് കടുവയ്ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നത്.
തറാട്ട്, മണിയന് കുന്ന്, പഞ്ചാരക്കൊല്ലി മേഖലകളില്‍ 10 പേര് ഉള്‍പ്പെടുന്ന നാലു സംഘമായി തിരിഞ്ഞാണ് തെരച്ചില്‍. രാവിലെ ഏഴു മണിയോടെ കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ വീണ്ടു തുടങ്ങും. ആര്‍ആര്‍ടിയിലെ അംഗങ്ങള്‍ പുലര്‍ച്ചെ കടുവയെ കണ്ടെത്തിയിരുന്നു. 12 ലൈവ് സ്ട്രീം ക്യാമറകള്‍ കൂടി സ്ഥാപിക്കും. ഇതിനിടെ ജനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടി കര്‍ശന നിര്‍ദേശമാണ് പ്രദേശങ്ങളില്‍ നല്‍കിയിരിക്കുന്നത്.
പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളില്‍ രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് സഞ്ചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ആളുകള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്. പരീക്ഷകള്‍ക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തും.
കഴിഞ്ഞ ദിവസമായിരുന്നു പഞ്ചാരക്കൊല്ലിയിലെ ഒരു സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തിയ ആദിവാസി യുവതി രാധയെ കടുവ കൊലപ്പെടുത്തിയത്. ഇവരുടെ പാതി തിന്ന മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവയെ വെടിവെയ്ക്കാന്‍ വനംവകുപ്പ് ഉത്തരവിടുകയും പ്രത്യേക സംഘം തെരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ മൂന്നാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്.






