
തിരുവനന്തപുരം : അനിശ്ചിതകാല സമരം നടത്തുന്ന റേഷന്‍ വ്യാപാരികളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ നീക്കം. സമരക്കാരോട് ഒരു ശത്രുതയും ഇല്ല. വേതന പരിഷ്കരണത്തിന് കുറച്ച് സമയം വേണം. സമയമെടുത്ത് പരിഹാരം കണ്ടെത്താം എന്നാണ് പറഞ്ഞത്', മന്ത്രി പറഞ്ഞു. സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി.
ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് നേരത്തേ ഭക്ഷ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനെ അവഗണിച്ചാണ് റേഷന്‍ വ്യാപാരികളുടെ സമരം.
പ്രശ്ന പരിഹാരത്തിനായി ഭക്ഷ്യ മന്ത്രി റേഷന്‍ വ്യാപാരികളുമായി ഇന്ന് 12 മണിക്ക് ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കും. 12 മണിക്ക് വീണ്ടും റേഷന്‍ കട ഉടമകളുടെ കോ - ഡിനേഷനുമായി ചര്‍ച്ച നടത്തും. എല്ലാ ജില്ലകളിലും കണ് ട്രോള്‍ റൂം തുറക്കാന്‍ ഭക്ഷ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. വേതന വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങളിലും പരിഹാരം കണ്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ബാദ്ധ്യത ജനങ്ങളോടാണ്. സമരക്കാരെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ഒരു ശ്രമവുമില്ലെന്ന് ജി ആര് അനില്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് മുന്നോട്ട് വന്നാല്‍ അതിനു തയ്യാറാണെന്നും ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നുകിടക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുക എന്നതാണ് അവരുടെ പ്രാഥമിക കടമയെന്നും അത് ചെയ്തില്ലെങ്കില്‍ കടകള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.






