
സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്വാൻ ജില്ലയിലെ ജ്ഞാൻദാസ് കൻദ്ര റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണം.
ഈസ്റ്റ് ബർദ്വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി (15) ആണ് മരിച്ചത്. റെയിൽവെ കോച്ചിന് മുകളിൽ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെയണ് അപകടം, തലയ്ക്ക് മുകളിലൂടെയുള്ള വൈദ്യുത ലൈനിൽ തട്ടി വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്ന നിലയിലാണ് പരിസരത്തുണ്ടായിരുന്നവർ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രി എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.






