
ന്യൂഡല്‍ഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ഭക്തര്‍ മരണപ്പെട്ടത് ഗുരുതര വീഴ്ചയെന്ന് പ്രതികരിച്ച് പ്രതിപക്ഷം. ഭക്തര്‍ തിരക്കില്‍പെട്ട് മരണപ്പെട്ടെന്ന വാര്‍ത്ത ഹൃദയഭേദകമാണെന്നും വിഐപി സന്ദര്‍ശനങ്ങളും കെടുകാര്യസ്ഥതയുമാണ് അപകടത്തിന് കാരണമായതെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ കുറ്റപ്പെടുത്തി. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
കുംഭമേളയ്ക്ക് കോടികള്‍ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്. ഇത്തരം സാഹചര്യം ആവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്റെ യുപി ഘടകം തലവന്‍ പവന്‍ഖേരയും രുക്ഷ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി അനിവാര്യമാണ്. മഹാകുംഭമേളയ്ക്ക് ഇനിയും ദിവസങ്ങള്‍ ശേഷിക്കുന്നതിനാല്‍ അധികസേനയെ വിന്യസിക്കണം. കുംഭമേളയിലെ വിവിഐപി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും പവന് ഖേര പറഞ്ഞു.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും പവന് ഖേര ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രക്ഷാപ്രവര്‍ത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് മോദി നിര്‍ദ്ദേശം നല്കി. പ്രധാനമന്ത്രി നാല് തവണ തന്നെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിലയിരുത്തി എന്നും മഹാകുംഭമേളയില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയം ആണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. എട്ട് മുതല്‍ 10 കോടി വരെ തീര്‍ത്ഥാടകര്‍ നിലവില്‍ പ്രയാഗ് രാജില്‍ ഉണ്ട്.






