
പ്രയാഗ്രാജ്: മഹാകുഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര് മരിച്ച ദുരന്തത്തില്‍ ജുഡീജ്യല്‍ അന്വേഷണം. പോലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തിയ യോഗി ആദിത്യനാഥ് കുംഭമേള ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
ജുഡീഷ്യല്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കും. മൂന്നംഗ സംഘം ഇന്ന് പോലീസില്‍ നിന്ന് വിവരങ്ങള്‍ തേടും. മരിച്ചവരില്‍ 5 പേരെ തിരിച്ചറിയാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന് നഷ്ടമായതായിട്ടാണ് പോലീസ് പറയുന്നത്. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. 90 പേര്‍ക്കാണ് പരിക്കേറ്റതെന്നും ഡിഐജി സ്ഥിരീകരിച്ചു.
മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അതേ സമയം ദുരന്തത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണം കണ്ണില്‍ പൊടിയിടാനാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം, ദുരന്തമുണ്ടായ ത്രിവേണി ഘട്ടില്‍ സ്നാനം വീണ്ടും തുടങ്ങി. ബാരിക്കേഡ് മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.






