
ചേര്‍ത്തല/മൂവാറ്റുപുഴ: വനിതകള്‍ക്ക് പകുതി വിലയ്ക്ക് സ്കുട്ടര്‍ നല്‍കാമെന്ന പേരില്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തിയേറുന്നു. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്ന് നൂറുകണക്കിനു കോടികള്‍ തട്ടിച്ചുവെന്ന പരാതിക്കു പിന്നാലെ ആലപ്പുഴ ജില്ലയിലും തട്ടിപ്പു നടത്തിയതായി പരാതി. ചേര്‍ത്തല താലൂക്കില്‍ മാത്രം കുടുങ്ങിയത് രണ്ടായിരത്തോളം പേര്. ഇവിടെനിന്നു മാത്രം 10 കോടി രൂപയിലധികം തട്ടിപ്പുസംഘം സമാഹരിച്ചതായാണ് പ്രാഥമികനിഗമനം. കേരളത്തിലുടനീളം തട്ടിപ്പു നടത്തിയതായി വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്.
വിവിധ കമ്പനികളുടെ സാമൂഹികസുരക്ഷാ ഫണ്ട്, ക്രൗഡ് ഫണ്ട്, മാര്‍ക്കറ്റിങ് ഫണ്ട് എന്നിവ വിനിയോഗിച്ചാണ് സൗജന്യ നിരക്കില്‍ സ്കൂട്ടര്‍ നല്‍കുന്നതെന്ന് പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓരോരുത്തരില്‍നിന്നും 60,000 രൂപ വരെയാണ് സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം മേയിലാണ് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വുമണ്‍ ഓണ്‍ വീല്‍സ് എന്ന പേരില്‍ ചേര്‍ത്തല നഗരത്തിലും തൈക്കാട്ടുശേരി, പട്ടണക്കാട് ബ്ലോക്ക് പരിധിയിലുമായി വനിതാ സംഗമത്തോടെ പദ്ധതി നടപ്പാക്കിയത്. ഏറ്റവും ഉയര്‍ന്ന സ്കൂട്ടര്‍ വില 60,000 രൂപ വരെ നിശ്ചയിച്ചായിരുന്നു പങ്കെടുത്തവര്‍ക്ക് ബ്രോഷര്‍ നല്‍കിയത്. ഇതിനൊപ്പം 50 ശതമാനം സാമ്പത്തിക സഹായത്തോടെ ൈഡ്രവിങ് പഠനവും സെല്‍ഫ് ഡിഫന്‍സ് കോഴ്സും സംരംഭകത്വ പരിശീലനവും വാഗ്ദാനം ചെയ്തിരുന്നു. സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ പേരിലാണ് സംഘം പദ്ധതി അവതരിപ്പിച്ചത്.
തൈക്കാട്ടുശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ സൊസൈറ്റിയില്‍ 350 രൂപാ നല്കി അംഗത്വമെടുത്ത ശേഷമാണ് ഇവരില്‍നിന്നും രേഖകളും തുടര്‍ന്ന് പ്രത്യേക അക്കൗണ്ടിലേക്ക് നിശ്ചയിച്ച തുകയും അടപ്പിച്ചത്. തുകയടച്ചിട്ടും സ്കൂട്ടര്‍ ലഭിക്കാതെ വന്നതോടെ പലയിടങ്ങളില്‍നിന്നും പരാതി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പണമടച്ചവരുമായി 200 രൂപ വിലയുള്ള മുദ്രപ്പത്രത്തില്‍ സ്ഥാപനം കരാറിലേര്‍പ്പെട്ടിരുന്നു.
തട്ടിപ്പ്സംഘത്തിലെ പ്രധാനിയായ അനന്തു കൃഷ്ണന് കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ പിടിയിലായതോടെ സ്കൂട്ടറിനായി പണം നല്കിയവര് നെട്ടോട്ടത്തിലായി. പലരും പരാതി നല്കാന് തീരുമാനിച്ചതോട ഇവരെ പിന്തിരിപ്പിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.
'എല്ലാം എന്റെ ചുമലിലായി, പുറത്തിറങ്ങിയാല്‍ പണം മടക്കി നല്‍കും'
വിവിധ കമ്പനികളുടെ സി.എസ്.ആര്. ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശി അനന്ദു കൃഷണന് കസ്റ്റഡിയിലിരിക്കെ അയച്ച ശബ്ദ സന്ദേശം പുറത്ത്. എല്ലാം തന്റെ ചുമലിലായെന്നും പുറത്തിറങ്ങാനായാല്‍ വാങ്ങിയ പണം മടക്കി നല്കാന് മാര്‍ഗമുണ്ടെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. തന്നെ സഹായിക്കാന്‍ വന്‍കിട കമ്പനികളും പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളുമുണ്ടെന്നും കൂടുതല്‍ പരാതി നല്കി പുറത്തിറങ്ങല്‍ വൈകിപ്പിക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു. തട്ടിപ്പ് കേസില്‍നിന്ന് തടിതപ്പാന്‍ സീഡ് സൊസൈറ്റി കോഓര്‍ഡിനേറ്റര്‍മാര്‍ക്കും പ്രമോട്ടര്മാര്ക്കുമാണ് സന്ദേശം അയച്ചത്.
' പിരിച്ച പണം റോള്‍ ചെയ്തു. സഹായിക്കണം. ഉദ്ദേശിച്ച പണം കിട്ടാതെ വന്നതിനാലാണ് പിരിച്ചെടുത്ത പണം റോള്‍ ചെയ്തത്. എന്‍.ജി.ഒ. കോണ്‍ഫെഡറേഷനില്‍നിന്ന് പണം കിട്ടിതെ വന്നപ്പോള്‍ ജനങ്ങള്‍ അയച്ച പണം റോള്‍ ചെയ്യേണ്ടി വന്നു. പ്രതീക്ഷിച്ച പണം വരാതിരുന്നപ്പോള്‍ വലിയ പ്രതിസന്ധിയുണ്ടായി. വന്ന പൈസ ആദ്യം വന്നവര്‍ക്കും മുടങ്ങിപ്പോയ പദ്ധതികളുടെ നടത്തിപ്പിനും ഉപയോഗിച്ചു. ഇനിയും ആരും പോലീസില്‍ പരാതികള്‍ നല്‍കരുത്. എന്റെ പ്രായം കൂടി കണക്കിലെടുത്ത് സഹായിക്കണം. പുറത്തിറങ്ങിയാല്‍ പലവിധത്തില്‍ സഹായിക്കാന്‍ ആളുണ്ട്.
കൂടുതല്‍ പരാതികള്‍ വന്നാല്‍ അകത്ത് കിടക്കേണ്ടി വരും. പുറത്തിറങ്ങിയില്ലെങ്കില്‍ പണം നല്‍കാനാവില്ല. സി.എസ്.ആര്. ഫണ്ടുകള്‍ വരുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് പാസ്പോര്‍ട്ടില്ല. ഇന്ത്യവിട്ട് പുറത്തു പോകില്ല.'- 4.52 മിനിറ്റ് നീണ്ട വാട്സ്ആപ്പ് ശബ്ദ സന്ദേശത്തില്‍ പറയുന്നു. അനന്ദു കൃഷ്ണനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കേസ് ൈക്രംബ്രാഞ്ചിന് വിടണമെന്ന ശിപാര്‍ശയും പോലീസ് മേധാവിയുടെ പരിഗണനയിലാണ്. പണം നഷ്ടപെട്ടവരുടെ യോഗം 6 ന് സി.പി.എം. നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.






