
പാമ്പുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അതില്‍ പാമ്പുകളെ നീക്കം ചെയ്യുന്ന വീഡിയോകളാണ് കൂടുതലും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിച്ചുക്കൊണ്ടിരിക്കുന്നത്. ഒരു യുവാവ് ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ വെള്ളത്തില്‍ നിന്ന് വലിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളാണിത്.
@vishalnsakesaver എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാമ്പിനെ പിടികൂടാന്‍ സ്ഥിരമായി പോകുന്നയാളാണ് യുവാവ് എന്നാണ് മനസിലാക്കുന്നത്. വീഡിയോയില്‍ കാണുന്നത്, ഒരു പാലത്തിന് മുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതാണ്. അതിന് താഴെ വെള്ളം കാണാം. വെള്ളത്തിലാണ് പാമ്പുള്ളത്. യുവാവ് പാമ്പിനെ പിടികൂടാനുള്ള വടിയുപയോഗിച്ച് അതിനെ പിടിക്കാന്‍ ശ്രമിക്കുന്നത് കാണാം. പിന്നീട്, തന്റെ കാലിലേക്ക് പാമ്പിനെയാക്കി അതിനെ മുകളിലേക്ക് വലിച്ചിടാനാണ് ശ്രമിക്കുന്നത്. പിന്നീട്, തന്റെ കൈകൊണ്ട് അതിനെ പിടിച്ച് പാലത്തിന് മുകളിലേക്ക് കയറ്റുന്നതും കാണാം.
അപ്പോഴെല്ലാം പാമ്പ് ഇയാളുടെ കയ്യില്‍ നിന്നും വഴുതി നീങ്ങാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയിച്ചില്ല. എന്തായാലും, 36 മില്ല്യണ്‍ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാടുപേര് വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിട്ടുണ്ട്. പാമ്പ് ഇങ്ങനെയൊക്കെ പ്രതികരിക്കുമ്പോഴും ഈ യുവാവ് എങ്ങനെയാണ് ഇത്ര ശാന്തനായി ഇരിക്കുന്നത് എന്നാണ് പലരും ചോദിച്ചിരിക്കുന്നത്. യുവാവ് ഒരു പ്രൊഫഷണലായിരിക്കണം, അതിനാലാണ് ഇങ്ങനെ പാമ്പിനെ കൈകാര്യം ചെയ്തത് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്തായാലും, പാമ്പിനെ പിടികൂടാന്‍ പരിശീലനം സിദ്ധിച്ചവര്‍ മാത്രം തുനിയുന്നതാണ് എപ്പോഴും അപകടം സംഭവിക്കാതിരിക്കാന്‍ നല്ലത്.






