
കൊച്ചി : ജയില്‍ രജിസ്റ്ററിലെ ജാതിക്കോളങ്ങള്‍ ഇല്ലാതാക്കാന്‍ കേരളത്തിലെ ജയില്‍ ചട്ടങ്ങള്‍ പരിഷ്കരിക്കും. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണു നടപടി. കേരള ജയില്‍ മാനുവലും 2014 ലെ കേരള പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസ് ചട്ടവുമാണു പരിഷ്കരിക്കുന്നത്.
ഇതോടെ ജയിലില്‍ തടവുകാര്‍ക്കുള്ള രജിസ്റ്ററിലും ഡേറ്റ ഫോറങ്ങളിലും അപേക്ഷകളിലും ജാതി രേഖപ്പെടുത്താനുള്ള കോളം ഇല്ലാതാകും. ജയില്‍ചട്ടങ്ങള്‍ പരിഷ്കരിച്ചു ഈ മാസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു സുപ്രീം കോടതിയുടെ നിര്‍ദേശം. ജയിലുകളില്‍ തടവുകാര്‍ക്കു ജാതി അടിസ്ഥാനത്തില്‍ തൊഴില്‍ നല്‍കുന്നതായി കണ്ടെത്തിയ കോടതി അതൊഴിവാക്കാനാണു ജാതി രേഖപ്പെടുത്തല്‍ വ്യവസ്ഥ റദ്ദാക്കിയത്.
പിന്നോക്ക ജാതിക്കാരായ തടവുകാര്‍ക്കു ശൗചാലയ ശുചീകരണവും തൂത്തുവാരലും ഉയര്‍ന്ന ജാതിയിലുള്ള തടവുകാര്‍ക്കു പാചകം, തുന്നല്‍ പോലുള്ള ജോലിയും നല്കുന്നതു പ്രത്യക്ഷത്തിലുള്ള ജാതി വിവേചനമാണെന്നു കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
തടവുകാരുടെ അഡ്മിഷന് രജിസ്റ്റര്‍, വിചാരണത്തടവുകാരുടെ രജിസ്റ്റര്‍, നിയമസഹായ രജിസ്റ്റര്‍ തുടങ്ങി വിവിധ രജിസ്റ്ററുകള്‍ ജയിലില്‍ സൂക്ഷിക്കുന്നുണ്ട്. അവയിലെല്ലാം ജാതി രേഖപ്പെടുത്താനുള്ള കോളമുണ്ട്. ഇവയാണ് ഒഴിവാക്കുന്നത്.
ചട്ടം ഭേദഗതി ചെയ്താല്‍മാത്രമേ ജാതിക്കോളം ഒഴിവാക്കിയുള്ള രജിസ്റ്ററുകളും ഫോറങ്ങളും പ്രിന്റുചെയ്തു ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍, ഇത്തരം കോളങ്ങള്‍ ഒഴിവാക്കിയാല്‍, ഡേറ്റകള്ക്കുവേണ്ടി മറ്റൊരു പോംവഴി കണ്ടെത്തേണ്ടി വരുമെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു. പിന്നാക്ക വിഭാഗക്കാരെ തിരിച്ചറിയാന്‍ ഇതല്ലാതെ നിലവില്‍ സംവിധാനമില്ല.
ജാതി അടിസ്ഥാനത്തില്‍ തടവുകാര്‍ക്കു തൊഴില്‍ നല്കുന്നതു ഭരണഘടനയുടെ അനുച്ഛേദം 15 ന്റെ ലംഘനമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗവും തോട്ടിപ്പണിക്കാരായോ ചെറിയജോലികള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ ആയിട്ടല്ല ജനിക്കുന്നതെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകയായ സുകന്യ ശാന്ത സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ജയിലുകളില്‍ നടക്കുന്ന വിവേചനപരമായ നടപടികള്‍ ചൂണ്ടിക്കാട്ടിയാണു അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. 1941 ലെ പഴയ ഉത്തര്‍പ്രദേശ് ജയില്‍ മാനുവലില്‍ തടവുകാര്‍ക്കു ജാതി അടിസ്ഥാനത്തില്‍ ജോലികള്‍ നല്കുന്നതിനു വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണു ജാതി ഒഴിവാക്കിയുള്ള ജയില്‍ രേഖകള്‍ നടപ്പാക്കാന്‍ സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്.






