
പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി ചെന്താമര. രണ്ടാംദിവസം തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ചെന്താമര മാധ്യമങ്ങളോട് പ്രതികരിച്ചത്. 'ഇരട്ടക്കൊല നടത്തിയത് താന്‍ തന്നെയാണ്. അതില്‍ പശ്ചാത്താപമൊന്നുമില്ല. കുറ്റബോധമില്ല. എന്റെ കുടുംബത്തെ നശിപ്പിച്ചു. 2010ല്‍ വീട് വെച്ചിട്ട് അതിലിരിക്കാന്‍ പറ്റിയിട്ടില്ല. മകള്‍ എന്‍ജിനീയറാണ്. അവളെ പഠിപ്പിക്കാന്‍ കഴിഞ്ഞില്ല.'-ചെന്താമര പറഞ്ഞു.
ആദ്യദിവസത്തെ തെളിവെടുപ്പിനിടെ അയല്‍വാസിയായ പുഷ്പയെ നോക്കി പല്ലുകടിച്ചതെന്തിനെന്ന പോലീസിന്റെ ചോദ്യത്തിന് പുഷ്പ കൈയീന്നു പോയെന്നായിരുന്നു മറുപടി. മകളെ ഒരുപാട് ഇഷ്ടമാണ്. ഏറെ ഇഷ്ടമുള്ള മകള്‍ക്ക് തന്റെ വീട് നല്കാന് നടപടി വേണമെന്നും ചെന്താമര പോലീസിനോട് ആവശ്യപ്പെട്ടു. പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളിനിയിലെ ഇരട്ടക്കൊലപാതകക്കേസില്‍ രണ്ടുദിവസം നീണ്ട തെളിവെടുപ്പ് പൂര്‍ത്തിയായി. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
എലവഞ്ചേരിയിലാണ് ഇന്നലെ തെളിവെടുപ്പിന് എത്തിച്ചത്. സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരി അഗ്രോ എക്യുപ്സ് എന്ന സ്ഥാപനത്തിലും മറ്റൊരു കത്തി വാങ്ങിയ വള്ളുവക്കുണ്ടിലെ കടയിലുമായിരുന്നു തെളിവെടുപ്പ്. എലവഞ്ചേരി പെരിങ്ങോട്ടുകാവിലെ അഗ്രോ എക്യുപ്സ് ഉടമ ചെന്താമരയെ തിരിച്ചറിഞ്ഞില്ല. അവിടെ നിന്ന് കത്തി വിറ്റ കാര്യവും ഉടമ നിഷേധിച്ചു. എന്നാല്‍ കണ്ടെടുത്ത കത്തിയില്‍ സ്ഥാപനത്തിന്റെ മുദ്ര ഉണ്ടെന്ന് കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി എന്‍. മുരളീധരന് പറഞ്ഞു.
പ്രതി ഒരു മാസം മുമ്പ് മറ്റൊരു കൊടുവാള് വാങ്ങിയിരുന്നു. കൃത്യത്തിന് ഇത് ഉപയോഗിച്ചില്ല. കാട് വെട്ടാനെന്നു പറഞ്ഞാണു വാങ്ങിയത്. ഇതില്‍ കടയുടമ ശ്രീധരന് ചെന്താമരയെ തിരിച്ചറിഞ്ഞു. കൊലപാതകം നടത്തിയ സ്ഥലത്തും, ഓടി രക്ഷപ്പെട്ട വഴിയിലും ഒളിച്ചിരുന്ന ഭാഗങ്ങളിലും ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെപ്രതിയെ ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി.






