
മെല്‍ബണ്‍: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയന്‍ ടീമിലെത്തിയതിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ഞെട്ടിച്ച് ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ്.ഈ മാസം 19 മുതൽ തുടങ്ങുന്ന ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്ക് തൊട്ടുമുമ്പായി നടത്തിയ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ചിലർ വിരമിക്കലിനെ ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഡ്രസിങ്ങ് റൂം തർക്കവുമായും കൂട്ടിക്കെട്ടുന്നുണ്ട്. ഇതോടെ 71 മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന്റെ ഏകദിന കരിയറിന് അവസാനമായി.
2015ലാണ് ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സ്റ്റോയ്നിന് ഓസ്ട്രേലിയക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയത്. അടുത്തവര്‍ഷം ന്യൂസിലന്ഡിനിതിരെ ഈഡന് പാര്‍ക്കില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ 146 റണ്‍സടിച്ചതോടെ ഓസ്ട്രേലിയന്‍ ഏകദിന ടീമിലെ സ്ഥിരാംഗമായി. 2023ലെ ഏകദിന ലോകകപ്പ് ജയിച്ച ഓസ്ട്രേലിയന്‍ ടീമിലും സ്റ്റോയ്നിസ് കളിച്ചു. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സ്റ്റോയ്നിസിന് ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചത്. 2018-2019ല്‍ ഓസ്ട്രേിയയിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റോയ്നിസ് ഓസ്ട്രേലിയക്കായി 71 ഏകദിനങ്ങളില്‍ മഞ്ഞക്കുപ്പായമണിഞ്ഞു. 26.69 ശരാശരിയില്‍ 1495 റണ്‍സാണ് സ്റ്റോയ്നിസിന്റെ ഏകദിനങ്ങളിലെ നേട്ടം. ഓൾ റൗണ്ടര്‍ കൂടിയായ 35കാരനായ സ്റ്റോയ്നിസ് 48 വിക്കറ്റുകളും സ്വന്തമാക്കി.
അതേസമയം സ്റ്റോയിനിസ് ടി20യിൽ തുടർന്നും കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. 50 ഓവർ ഫോർമാറ്റിൽ നിന്ന് വിരമിക്കാനുള്ള താരത്തിന്റെ തീരുമാനം ടി20 ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു. താരത്തിന് പകരം ഉടനെ നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ടീമിലേക്ക് പകരക്കാരനെ കണ്ടെത്തുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും ഓൾ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും പരിക്കുമൂലം ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ സാധ്യതയില്ലാതിരിക്കെ സ്റ്റോയ്നിസ് കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാണ്.





