
ഒരുമിച്ചൊരു വേദിയില്‍ പാടിത്തകര്‍ത്ത് വിഖ്യാതഗായകന്‍ എഡ് ഷീരനും സംഗീതസംവിധായകന് എ.ആര് റഹ്മാനും. സംഗീതപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ എഡ് ഷീരന്റെ ചെന്നൈ കണ്‍സേര്‍ട്ടിലാണ് എ്ആര് റഹ്മാനും ഒപ്പം ചേര്‍ന്നത്. ഗ്ലോബല്‍ ഹിറ്റായ ഷേപ്പ് ഓഫ് യു, റഹ്മാന്റെ ക്ലാസിക് ആയ ഊര്‍വസി ഊര്‍വസി എന്നിവയുടെ മാഷപ്പ് ആസ്വാദകര്‍ക്ക് അവിസ്മരണീയ അനുഭവമായി.
എഡ് ഷീരന് ഷേപ്പ് ഓഫ് യു പാടിയപ്പോള്‍ എ.ആര് റഹ്മാന് കോറസിനൊപ്പം ഊര്‍വസി ഊര്‍വസി ആലപിച്ചു. അതോടെ കാണികളും ആവേശത്തിലായി. രണ്ട് ഇതിഹാസങ്ങള്‍ ഒരുമിച്ചു വേദിയിലെത്തിയ അപൂര്‍വ നിമിഷത്തിനു സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സംഗീത പരിപാടിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് എഡ് ഷീരന് ഇന്ത്യയിലെത്തിയത്. ചെന്നൈയിലെ വസതിയില്‍ വെച്ച് റഹ്മാനെയും മകന് അമീനെയും കണ്ടതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചിരുന്നു. കൂടിക്കാഴ്ചയുടെ മനോഹര ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ജനുവരി 30 ന് പുണെയില്‍ ആരംഭിച്ച എഡ് ഷീരന്റെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി പകുതിയോടെ സമാപിക്കും. രാജ്യത്തെ 6 നഗരങ്ങളിലാണ് ഗായകന് സംഗീതപരിപാടി അവതരിപ്പിക്കുക.






