
രാജ്യതലസ്ഥാനത്ത് നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇ വി എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന 70 സ്ട്രോങ് റൂമുകൾക്ക് ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പോലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ മുഴുവൻ സമയ സി സി ടി വി നിരീക്ഷണവും തുടരുകയാണ്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ദില്ലി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബി ജെ പിക്ക് വിജയം പ്രവചിച്ചതോടെ എ എ പി ക്യാമ്പ് വലിയ ആശങ്കയിലാണ്. എക്സിറ്റ് പോളുകൾ ബി ജെ പിയുടെ നാടകമെന്നാണ് എ എ പി പ്രതികരിച്ചത്.





