
തിരുവനന്തപുരം: കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപംക്ഷ സഭ ബഹിഷ്ക്കരിച്ചു. കിഫ്ബി പദ്ധതികള്‍ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ബാധ്യത ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി റോജി എം. ജോണാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചത്്. കിഫ്ബി പരാജയപ്പെട്ട ഒരു മാതൃകയാണെന്നും കൊള്ള പലിശക്ക് കടമെടുത്ത് കൊള്ള പലിശ തിരിച്ചടയ്ക്കുന്ന പരിപാടിയാണെന്നും ജനങ്ങള്‍ക്ക് മേല്‍ ബാദ്ധ്യത വരുമെന്ന പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ ശരിയാകുകയാണെന്നും റോജി എം ജോണ്‍ ആരോപിച്ചു.
ദേശീയപാത വികസനത്തിന് കിഫ്ബിയില്‍ നിന്നാണ് പണം നല്‍കിയതെന്നായിരുന്നു ഇതിന് ധനമന്ത്രിയുടെ മറുപടി. കിഫ്ബിയ്ക്ക് വരുമാനദായക പദ്ധതികള്‍ വേണമെന്നും പറഞ്ഞു. നാഷണല്‍ ഹൈവേ അതോറിറ്റി എല്ലാ നിര്‍മ്മാണവും ടോള്‍ പിരിച്ചാണ് ചെയ്യുന്നതെന്നുമുള്ള ധനകാര്യ മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
നാട്ടിന് പുറത്തെ ക്ലബ്ബ് പോലെയല്ല കിഫ്ബി എന്നും നാട്ടുകാര്‍ അടയ്ക്കുന്ന നികുതി പണമാണെന്നും ഓഡിറ്റിങ്ങ് നടന്നാല്‍ വെള്ളാനയാണെന്ന് ബോധ്യപ്പെടുമെന്നുമായിരുന്നു ഇതിന് പ്രതിപക്ഷ നേതാവിന്റെ മറുപടി. പിഡബ്ല്യുഡിയുടെ നിര്‍മ്മാണത്തിന്റെ പത്തിലൊന്ന് വേഗത കിഫ്ബിക്ക് ഇല്ലായെന്ന് കുറ്റപ്പെടുത്തി. ട്രിപ്പിള്‍ ടാക്സ് പിരിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ടോള്‍ നീതിരഹിതമാണെന്നും പറഞ്ഞു.
നിയമനവും ശമ്പളവും പരിശോധിക്കപ്പെടണം. കിഫ്ബിയില്‍ ഇരുന്ന് ഓരോരുത്തരും എത്ര രൂപയാണ് ശമ്പളം വാങ്ങുന്നത്. കിഫ്ബി സംസ്ഥാനത്തിനും ബജറ്റിനും ബാധ്യത. കിഫ്ബിക്കായി 50 ശതമാനം തുക പ്ലാനില്‍ നിന്നും കട്ട് ചെയ്യേണ്ടി വന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിന് പിന്നാലെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.






