
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ മുംബൈയിലെ ഒരു ഓട്ടോക്കാരനാണ് നെറ്റീസണ്‍സിന്റെ മനം കവര്‍ന്നിരിക്കുന്നത്. തന്റെ ഓട്ടോയെ ഒരു കരോക്കെ സ്റ്റേജ് പോലെ ആക്കിയെടുക്കുത്തിരിക്കുകയാണ് ഈ ഓട്ടോ ഡ്രൈവര്‍.
വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍ കാണുന്നത് 1979 -ല്‍ നിന്നുള്ള 'ഫിര്‍ വഹി രാത് ഹൈ' എന്ന ക്ലാസിക്കല്‍ ബോളിവുഡ് സോങ് ഡ്രൈവര്‍ പാടുന്നതാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ഓട്ടോയും ഡ്രൈവറുടെ പാട്ടും കേള്‍ക്കാം എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ശബ്ദവും ഓട്ടോയ്ക്കകത്തെ അതിനോട് ചേര്‍ന്ന് നില്ക്കുന്ന അലങ്കാരങ്ങളും ഒരുപോലെ നെറ്റിസണ്‍സിനെ ആകര്‍ഷിച്ചു.
മനോജ് ബഡ്കര്‍ എന്ന യൂസറാണ് ആദ്യം ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്. അത് ഏഴ് ലക്ഷത്തിലധികം പേരാണ് കണ്ടത്. പോസ്റ്റിന്റെ കാപ്ഷനില്‍ പറയുന്നത് പ്രകാരം, ശനിയാഴ്ച രാത്രി 11 മണിയോടെ മുംബൈയിലെ ജുഹു പ്രദേശത്ത് നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഒരു സ്റ്റേജ് പോലെ അലങ്കരിച്ച തന്റെ ഓട്ടോയിലിരുന്നുകൊണ്ട് ഇയാള്‍ പാടുന്നത് വീഡിയോയില്‍ കാണാം. ഓട്ടോയില്‍ നിറയെ വിവിധ നിറത്തിലുള്ള ലൈറ്റുകള്‍ തെളിഞ്ഞിരിക്കുന്നതും കാണാം.
നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാള്‍ കമന്റ് നല്‍കിയത് ഈ ഓട്ടോ ഡ്രൈവര്‍ അയാളുടെ ജീവിതം പൂര്‍ണമായും ആസ്വദിക്കുകയാണ് എന്നാണ്. ആളുടെ പാട്ടും ഓട്ടോയും കൊള്ളാം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്തായാലും, മുംബൈയില്‍ നിന്നുള്ള ഒരു വേറിട്ട കാഴ്ച തന്നെയാണ് ഈ ഓട്ടോയും ഓട്ടോ ഡ്രൈവറും എന്ന കാര്യത്തില്‍ സംശയമില്ല.






