
ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. തലയോട്ടിയിൽ പൊട്ടലുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. സജിയുടെ മൃതദേഹം അമ്മയെ അച്ഛൻ മർദിച്ച് കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്ചയാണ് മരിച്ചത്. സജിക്ക് ഭർത്താവ് സോണിയിൽ നിന്ന് ക്രൂരമായ മർദനമേറ്റെന്ന മകളുടെ പരാതിയെ തുടർന്നാണ് പോലീസ് ഇപ്പോൾ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ചേർത്തല മുട്ടം സ്വദേശിയായ വി സി സജിയെ കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധവസ്ഥയിൽ ആയതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. വീടിനകത്ത് കോണിപടിയിൽ കാൽ വഴുതി വീണ് പരിക്കേറ്റതാണെന്നായിരുന്നു മകൾ ഡോക്ടർമാരോട് പറഞ്ഞത്. ചികിത്സയിൽ ഇരിക്കേ കഴിഞ്ഞ ഞായറാഴ്ച സജി മരിച്ചു. സംസ്ക്കാര ചടങ്ങുകൾക്ക് ശേഷമാണ് പത്തൊൻപതുകാരിയായ മകൾ അമ്മയെ അച്ഛൻ സോണി മർദിച്ചിരുന്ന കാര്യം ബന്ധുക്കളോട് പറഞ്ഞത്.






